കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെല്‍) ഏറ്റെടുക്കല്‍ നടപടികള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍. കാസര്‍കോട് ബെദ്രഡുക്കയില്‍ സ്ഥിതി ചെയ്യുന്നഭെല് കമ്പനി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര തൊഴിലാളി യൂണിയന് (എസ്ടിയു) വേണ്ടി യൂണിറ്റ് ജനറല്‍ സെക്രട്ടറി കെപി മുഹമ്മദ് അഷ്റഫ് നല്കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് അനു ശിവരാമന്റെതാണ് ഉത്തരവ്.
ഏറ്റെടുക്കല്‍ നടപടി എവിടെ വരെയായെന്നും കാലതാമസത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളോട് ഒരാഴ്ചക്കകം വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭെല്‍ വിശദീകരിക്കണം. ഹര്‍ജി ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും.
2016ല്‍ കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയാന്‍ തീരുമാനിച്ച ഭെല്‍ ഇഎംഎല്‍ 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്തിയില്ല. ഉല്പാദനം മുടങ്ങി കമ്പനി തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എസ്ടിയു യൂണിയന് ഹൈക്കോടതിയെ സമീപിച്ചത്.
2011ലാണ് മഹാരത്ന കമ്പനിയായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കുന്നത്. 12 ഏക്കര്‍ സ്ഥലവും ഫാക്ടറിയും മെഷിനറികളും അനുബന്ധ ഉപകരണങ്ങളുമെല്ലാം കൂടി കേവലം10.5 കോടി രൂപ മാത്രം വില കണക്കാക്കി 51 ശതമാനം ഓഹരികള്‍ ഭെല്ലിന് കൈമാറുകയായിരുന്നു. കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2010വരെ ലാഭത്തിലായിരുന്ന കമ്പനി ഭെല്ലില്‍ ലയിച്ചതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായി.
നീണ്ടകാലത്തെ കാത്തിരിപ്പിനും സമരങ്ങള്‍ക്കുമൊടുവില്‍ 2019 സെപ്തംബറിലാണ് കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ നാളിതുവരെയായി തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കമ്പനി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും, മുടങ്ങിക്കിടക്കുന്ന ശമ്പളം അടിയന്തരമായി അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നീതി ആയോഗിന്റ ശുപാര്‍ശ പ്രകാരം ഓഹരികള്‍ ഒഴിവാക്കാനുള്ള മുഴുവന്‍ നടപടികളും സ്വീകരിച്ചെങ്കിലും കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവാത്തത് കാരണം ജീവനക്കാര്‍ക്ക് കഴിഞ്ഞ 19 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷമായി പിഎഫ് വിഹിതം അടക്കാത്തതിനാല്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്ഷന് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ശമ്പളത്തിന് വേണ്ടി ജീവനക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷമായി സമരത്തിലാണ്. സ്ഥാപനം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്ടിയു ജില്ലാ കമ്മിറ്റി നിരന്തര സമരത്തിലാണ്. കാസര്‍ക്കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നും വിഷയത്തില്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്.