മദ്യം നല്‍കി കൂട്ട മാനഭംഗം: ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

കഴക്കൂട്ടത്തിന് സമീപം കഠിനംകുളം ചിറ്റാറ്റ്മുക്കില്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട മാനഭംഗത്തിന്് ഇരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍, പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് പോത്തന്‍കോട് സ്വദേശി അന്‍സാര്‍(30), പുതുക്കുറിച്ചി സ്വദേശികളായ മന്‍സൂര്‍ (30), അക്ബര്‍, (24)രാജന്‍ എന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍ (30), മനോജ്(25) എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതിയായ നൗഫലിനെ വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി,
കണിയാപുരം ചിറക്കല്‍ സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. ഭര്‍ത്താവ് ബലമായി മദ്യം നല്‍കിയശേഷം സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരം ഒരുക്കി കൊടുത്തു എന്നാണ് യുവതി നല്‍കിയ മൊഴി. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പുതുക്കുറിച്ചി ബീച്ചില്‍ പോകാമെന്ന് പറഞ്ഞ് പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും യുവതിയേയും ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെയും വെട്ടുതുറയിലെ രാജന്റെ വീട്ടില്‍ അന്‍സാര്‍ എത്തിച്ചത്. അവിടെ പ്രതികള്‍ അടങ്ങുന്ന സംഘം മദ്യപിച്ചിരിക്കുകയായിരുന്നു. ഭര്‍ത്താവും ഇവരോടൊപ്പം മദ്യപാനം തുടങ്ങി. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് നിര്‍ബന്ധിപ്പിച്ച് മദ്യപിപ്പിച്ചു. ഇതിനിടെ ഇളയ കുട്ടി കരഞ്ഞതിനാല്‍ ഭര്‍ത്താവ് കുട്ടിയുമായി വീടിന് പുറത്തിറങ്ങി. മറ്റ് കൂട്ടുകാരും ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങി.
10 മിനിറ്റ് കഴിഞ്ഞ് വെള്ളം ആവശ്യപ്പെട്ട് വീട്ടിലേക്ക് മടങ്ങി എത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ യുവതിയെ കയറിപ്പിടിച്ചു. ഈ ബഹളത്തിനിടെ അവിടെ എത്തിയ ഭര്‍ത്താവിന്റെ മറ്റ് രണ്ട് സുഹുത്തുക്കള്‍, ഭര്‍ത്താവ് ആരുമായോ അടി വെയ്ക്കുന്നു എന്ന് ധരിപ്പിച്ച് യുവതിയേയും മകനെയും റോഡില്‍ എത്തിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ ബലം പ്രയോഗിച്ച് കയറ്റി ചാന്നാങ്കര പത്തേക്കറിലെ കുറ്റിക്കാട്ടില്‍ കൊണ്ട് നാലു വയസുകാരന്റെ മുന്നില്‍ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ബഹളം കേട്ട് കരഞ്ഞ കുഞ്ഞിനെയും അക്രമികള്‍ മര്‍ദ്ദിച്ചു. സംഭവ സ്ഥലത്ത് നിന്നും കുഞ്ഞിനേയും കൊണ്ട് ഓടി രക്ഷപ്പെട്ട യുവതി, അതുവഴി വന്ന യാത്രക്കാരോട് വിവരം പറയുകയും അവര്‍ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ കണിയാപുരം ചിറക്കലിലെ വീട്ടിലെത്തുകയുമായിരുന്നു.
യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് ചിറക്കലിലെ വീട്ടില്‍ പൊലീസ് എത്തുന്നതിനു മുമ്പ് അവിടെ എത്തിയ ഭര്‍ത്താവ്, പൊലീസില്‍ പരാതിപ്പെടരുതെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ്, ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും അബോധാവസ്ഥയിലായ യുവതിയെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിരന്തരമായ പീഡനങ്ങള്‍ കാരണം ഒരു വര്‍ഷക്കാലമായി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഒരു മാസത്തിനു മുമ്പാണ് ഭര്‍ത്താവ് സ്വന്തം നാടായ പോത്തന്‍കോട് കൂട്ടിക്കൊണ്ടു പോയത്. അവിടെനിന്നാണ് രണ്ടുമക്കളെയും ബീച്ച് കാണാന്‍ എന്ന് പറഞ്ഞ് സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചത്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കൂട്ടബലാസംഘത്തിനും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു പ്രതികളെയും ഇന്നലെ പുലര്‍ച്ചയോടെ പൊലീസ് പ്രദേശത്തെ പലയിടങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.