മുംബൈ: എന്തായിരിക്കും സുശാന്ത് രജ്പുതിന് സംഭവിച്ചത്…? ഒരു ദിവസം മുമ്പ് കൂട്ടുകാര്‍ക്കെല്ലാം പാര്‍ട്ടി നല്കി സന്തോഷത്തോടെ വീടിന്റെ വാതിലടച്ച സുശാന്ത് പിന്നെ എന്ത് കൊണ്ട് ആ വാതില്‍ തുറന്നില്ല…? എന്തിന് അദ്ദേഹം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു…? ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഉറ്റമിത്രങ്ങള്‍ക്ക് പോലും മറുപടിയില്ല. സുശാന്ത് ഒരു കായിക താരമല്ല. നല്ല ഡാന്‍സറായിരുന്നു. പക്ഷേ എല്ലാ സ്പോര്‍ട്സ് പ്രേമികള്‍ക്കും അദ്ദേഹം മഹേന്ദ്രസിംഗ് ധോണിയായിരുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് എം.എസ് ധോണി-ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ കണ്ടവര്‍ അല്ഭുതത്തോടെ ചോദിച്ച ചോദ്യമായിരുന്നു-ഇത് മഹേന്ദ്ര സിംഗ് ധോണി തന്നെയല്ലേ. അത്രമാത്രം മികവില്‍ ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്ററെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത് വഴിയാണ് അദ്ദേഹം കായിക ലോകത്തിന് സുപരിചിതനായത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്ക്കെല്ലാമറിയാം എം.എസ് ധോണിയെ. അദ്ദേഹത്തിന്റെ മാനറിസങ്ങളെല്ലാം എല്ലാവര്ക്കും സുപരിചിതം. സിനിമ പിറന്നപ്പോള്‍ ആ മാനറിസങ്ങളെല്ലാം അതേ പടി പകര്‍ത്തി സുശാന്ത്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം റിയല്‍ ധോണിയായി മാറി. നടത്തവും ചലനങ്ങളും ബാറ്റ് വീശലും ഇടക്കിടെ ഗ്ലൗസ് അഴിച്ച് മാറ്റലുമെല്ലാമായി സത്യത്തില്‍ വിസ്മയിപ്പിക്കുന്ന പകരലായിരുന്നു അത്. ഇന്ത്യന്‍ സിനിമയില്‍ ബയോ പിക്കുകള്‍ ധാരാളം പിറന്നിട്ടുണ്ട്. പക്ഷേ നീരജ് പാണ്ഡെയുടെ സിനിമ വിത്യസ്തമായത് അതിലെ നായകനിലൂടെയായിരുന്നു. കാരണം ധോണിയെ അവതരിപ്പിക്കുമ്പോള്‍ ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും അത് ചര്‍ച്ചയാവും. സിനിമയെ ദോഷകരമായി ബാധിക്കും. എല്ലാവര്ക്കും പരിചയമുള്ള ഒരാളെയാണ് താന്‍ പകര്‍ത്തുന്നത് എന്ന് മനസ്സിലാക്കി ഒരു വര്‍ഷത്തോളം ദീര്‍ഘിച്ച ഗൃഹപാഠവുമായാണ് സുശാന്ത് ധോണിയായി മാറിയത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയുടെ അരികിലെത്തി മാസങ്ങളോളം ധോണിയാവാന്‍ പഠിച്ച താരം. ധോണി തന്നെ സിനിമ കണ്ട് പറഞ്ഞിരുന്നു-അല്‍ഭുതമെന്ന്. ബോളിവുഡിലെ മുന്‍നിരക്കാരെല്ലാം സുശാന്തിനെ അഭിനന്ദിക്കാന്‍ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് മുന്നോട്ട് വന്നു.
ഇപ്പോള്‍ അവരെല്ലാം അദ്ദേഹത്തിന് അനുശോചനമറിയിക്കേണ്ടി വരുന്നതാണ് വേദനാജനകം. കഴിഞ്ഞ ആറ് മാസമായി അദ്ദേഹം വിഷാദ രോഗത്തിന് ചികില്‍സയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അമ്മയെ നഷ്ടമായ സുശാന്ത് ജൂണ്‍ മൂന്നിന് അവസാനം നടത്തിയ ഇന്‍സ്റ്റഗ്രം പോസ്റ്റില്‍ അമ്മയുടെ ചിത്രമിട്ടിരുന്നു. മാനസിക പ്രയാസത്തിലാണ് താനെന്നും രേഖപ്പെടുത്തിയിരുന്നു. ആറ് ദിവസം മുമ്പ് അദ്ദേഹത്തിന്റെ മാനേജരായ യുവതി ആത്മഹത്യ ചെയ്തപ്പോഴും സുശാന്തിന്റെ പ്രയാസങ്ങളിലേക്ക് ആരും കടന്ന് ചെന്നില്ല. മരിക്കുന്നതിന് മണിക്കുറുകള്‍ മുമ്പ് അദ്ദേഹം സുഹൃത്തുകള്ക്ക്്് സ്വന്തം വസതിയില്‍ വിരുന്ന് നല്‍കിയത് എന്തിനായിരുന്നു…? ഒരു പക്ഷേ തന്റെ അവസാന വിരുന്ന് സുശാന്ത് തന്നെ തീരുമാനിച്ചിരുന്നോ…?