മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഇ. ഹംസക്കോയ കോവിഡ് ബാധിച്ചു മരിച്ചു

ഹംസക്കോയ

പരപ്പനങ്ങാടി: മുന്‍ ഇന്ത്യന്‍ ഫുട് ബോള്‍ താരം പരപ്പനങ്ങാടി താനൂര്‍ റോഡിലെ ഇളയേടത്ത് ഹംസക്കോയ(64) കോവിഡ് 19 ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അന്ത്യം. കുടുംബസഹിതം മുംബൈയില്‍ താമസമാക്കിയ ഇവര്‍ കഴിഞ്ഞ 21 നാണ് നാട്ടിലെത്തിയത്.
മകന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നേരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലേക്ക് മാറ്റി. കാറിലാണ് ഹംസക്കോയയും കുടുംബവും മുംബൈയില്‍ നിന്ന് നാട്ടിലെത്തിയത്. അയല്‍വാസികളുമായോ മറ്റു ബന്ധുക്കളുമായോ ഇടപഴകിയിരുന്നില്ല. ചികിത്സയിലുള്ളവരെല്ലാം സുഖം പ്രാപിച്ചുവരികയാണ്.
മഹാരാഷ്ട്രക്കു വേണ്ടി രണ്ട് തവണ സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റേണ്‍ റെയില്‍വെ, മുഹമ്മദന്‍സ്, ടാറ്റ, മുംബൈ കസ്റ്റംസ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുടബോള്‍ ടീമില്‍ അംഗമായിട്ടായിരുന്നു കരിയറിന്റെ തുടക്കം. പി.എസ്.എം. ഒ കോളജ് താരമായിരുന്നു. ഭാര്യ: മുന്‍ റെയില്‍വെ വോളിബോള്‍ താരം ലൈല, മക്കള്‍: മുംബൈ കസ്റ്റംസ് ഫുട്‌ബോള്‍ ടീം ഗോളി ലിഹാസ് കോയ, സക്കീന. മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് മറവു ചെയ്തു.