മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസിലെ ഐക്യം

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് ഉന്നതാധികാരി സമിതി യോഗം. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് സമീപം.

മലപ്പുറം: കേരള കോണ്‍ഗ്രസിന്റെ ഐക്യമാണ് മുസ്്‌ലിംലീഗ് ആഗ്രഹിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ഐക്യജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം. ഇതിനാവശ്യമായ പരിഹാര നടപടികളെന്തോ അതുമായ മുന്നോട്ട് പോകും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലെ റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൂടിയാലോചിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട സമയമാണിതെന്നും വൈകാതെ അനുകൂല നിലപാടുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രവാസി മലയാളികള്‍ പലരും ജീവിതത്തിനും മരണത്തിനുമിടയിലാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ചികിത്സപോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലവിധത്തിലുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിമാനം ഏര്‍പ്പെടുത്തിയെങ്കിലും അത് കാര്യക്ഷമമായി നടപ്പിലായില്ല. അതിനു ശേഷം സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ വ്യത്യസ്ത നിബന്ധനകള്‍ വെച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തടസം നില്‍ക്കുകയാണ്. എല്ലാവരേയും കബളിപ്പിക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ ഇരു സര്‍ക്കാറുകളും എടുക്കുന്നത്. നിരക്കിന്റെ പേരില്‍ തര്‍ക്കിച്ച് അവരുടെ സ്വപ്‌നങ്ങളെ തകര്‍ക്കരുത്.നിരക്കാണ് വിഷയമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതു വഹിക്കാനോ സബ്‌സിഡി നിരക്കില്‍ ടിക്കറ്റ് അനുവദിക്കാനോ തയാറാവണം.
കോവിഡ് കാര്യത്തില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തി. കേരളത്തില്‍ രണ്ടര ലക്ഷം ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് പറഞ്ഞവര്‍ക്ക് പതിനായിരം പേരെ പോലും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. മുസ്‌ലിംലീഗ് പാര്‍ട്ടിയുള്‍പ്പെട വിവിധ സന്നദ്ധ സംഘടനകള്‍ ക്വാറന്റൈന്‍ ചെയ്യാന്‍ വിട്ട് കൊടുത്ത സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. നിലവില്‍ വിദേശത്ത് നിന്നെത്തുന്നവരോട് വീട്ടില്‍ പോകാനാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്തരക്കാരെ മോണിറ്റര്‍ ചെയ്യാന്‍ യാതൊരു സംവിധാനവുമില്ല. രോഗികള്‍ ഇത്രയധികം വര്‍ധിക്കാന്‍ കാരണമായത് സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ്. വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നല്‍ സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ കേട്ടിരിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലി. ഇത്തരം വിഷയങ്ങളില്‍ ഇനിയും പിറകോട്ട് പോയാല്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. നോര്‍ക്കാ ഓഫീസുകള്‍ക്ക് മുന്നില്‍ കെ.എം.സി.സി നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മേനകാ ഗാന്ധി നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. ഇതുമായി ബന്ധപ്പെട്ട നിയമ നടപടിയുമായി മുന്നോട്ട് പോകും. മലപ്പുറം എന്ന് കേട്ടാല്‍ ഹാലിളകുന്നത് ശരിയല്ല. മലപ്പുറത്തിന്റെ ചരിത്രം പഠിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തയാറാകണമെന്നും നേതാക്കള്‍ പറഞ്ഞു. സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി സന്നിഹിതനായിരുന്നു.