കല്യാണ മണ്ഡപങ്ങളില്‍ വിവാഹത്തിന് മാത്രം അനുവാദം പരമാവധി 50 പേര് . മാത്രം വിദ്യാലയങ്ങള്‍ തുറക്കുക ജൂലൈ മാസത്തിന് ശേഷം . കാറില്‍ ഡ്രൈവറടക്കം നാല് പേര്‍ക്ക് യാത്ര ചെയ്യാം
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഇളവുകള്‍ പ്രഖ്യാപിച്ചു. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേര് എന്ന നിലയില്‍ വിവാഹത്തിന് മാത്രം അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും. വിദ്യാലയങ്ങള്‍ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയില്‍ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ന്മെന്റ് സോണില്‍ ജൂണ്‍ 30 വരെ പൂര്‍ണ്ണ ലോക്ക്ഡൗണായിരിക്കും. സംസ്ഥാനത്തേക്ക് അതിര്‍ത്തിക്ക് പുറത്ത് നിന്ന് വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കും.രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരില്‍ കൂടുതല്‍ പാടില്ല. ടിവി ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര് മാത്രമേ പാടുള്ളൂ. പൊതുമരാമത്ത് ജോലികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തേക്ക് പാസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണ്. എട്ടാം തീയതിയിലെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരുമാനമെടുക്കും. നമ്മുടെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്റൈന് പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും.രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈന് ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നല്‍ നല്കി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത 30 ഓളം പോസിറ്റീവ് കേസുകള്‍ സാമൂഹിക വ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളില്‍ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂര്‍ണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂട്ട് മാപ്പില്‍ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. കോവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാല്‍ മികവറിയാം. ഒരു രോഗിയില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തില്‍ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തില്‍ ആദ്യ മൂന്ന് കേസ് വുഹാനില്‍ നിന്നെത്തി. ഇവരില്‍ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന്‍ നമുക്ക് സാധിച്ചു.
ഇന്ത്യയില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്ക്രീനിങ്ങിന്റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മള് രോഗവ്യാപനം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ഘട്ടത്തില്‍ കേരളത്തിലെ കോവിഡ് കേസുകളില്‍ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പര്‍ക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.
കോവിഡിന്റെ സീരിയല്‍ ഇന്റര്‍വെല്‍ അഞ്ച് ദിവസമാണ്. രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാന്‍ വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാല്‍ കേരളത്തിലെ 670 കേസുകള്‍ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താല്‍ മരണനിരക്ക് 250 കവിയും. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.