വയനാട് ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19: നാല് പേര്‍ അതിഥി തൊഴിലാളികള്‍

 

 

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഇനി കണ്ടൈന്‍മെന്റ് സോണ്‍.
മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ 4, 5, 6 വാര്‍ഡുകളും സുല്‍ത്താന്‍ ബത്തേരി പൂളവയല്‍ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികള്‍ക്കും ഒരു ഒഡീഷ സ്വദേശിക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

 

കല്‍പ്പറ്റ: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4 അതിഥി തൊഴിലാളികള്‍ക്കും തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ 55 കാരിക്കും മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബത്തേരി പൂളവയല്‍ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികള്‍ക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരും മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
തവിഞ്ഞാല്‍ സ്വദേശിയുടെ ഭര്‍ത്താവ് പതിനെട്ടാം തീയതി ബാംഗ്ലൂരില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കിഡ്‌നി രോഗിയായ ഇവര്‍ ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടിയാണ് മെയ് 29ാം തീയതി മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ വെച്ച് സാമ്പിള്‍ എടുത്ത് പരിശോധന നടത്തിയത്. മീനങ്ങാടി സ്വദേശി 24 കാരി ഗര്‍ഭിണി ആയതിനാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ 28ാം തീയതി സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയായിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. രോഗം സംശയിക്കുന്നവര്‍ ഉള്‍പ്പെടെ ആകെ 22 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാത്രം ചികിത്സയിലുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും മൂന്ന് പേര്‍ക്ക് ജില്ലയില്‍ രോഗം ബാധിച്ചിരുന്നു. മെയ് പതിനൊന്നാം തീയതി ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി 19 കാരനും ഇരുപത്തിയാറാം തീയതി കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശി 35 കാരിയും നഞ്ചന്‍കോട് സന്ദര്‍ശനം നടത്തിയ മുട്ടില്‍ സ്വദേശി 42 കാരനും ആണ് ഇന്നലെ കോവിഡ് സ്വീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. ഇതില്‍ 22 പേര്‍ വിവിധഘട്ടങ്ങളിലായി രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച 254 പേരെ കൂടി പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയില്‍ നിലവില്‍ 3758 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന 781 ആളുകള്‍ ഉള്‍പ്പെടെ 1792 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ്. ചൊവ്വാഴ്ച 196 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1900 സാമ്പിളുകളില്‍ 1610 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1576 എണ്ണം നെഗറ്റീവാണ്. 289 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2074 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1706 ല്‍ 1700 നെഗറ്റീവും 6 പോസിറ്റീവുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചൊവ്വാഴ്ച മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 265 പേര്‍ കൂടി ജില്ലയിലേക്ക് എത്തി. മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 102 പേരും കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 163 പേരുമാണെത്തിയത്. പട്ടിക വര്‍ഗത്തില്‍പ്പെട്ട 31 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കി.