വിക്‌ടേഴസ്് ചാനലിന്റെ ക്രഡിറ്റ് യു.ഡി.എഫിനു മാത്രം

19
'തൊഴില്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുറം ചട്ട

വി.എസിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: യു.ഡി.എഫ് പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവുംമറ്റും ഉദ്ഘാടനം ചെയ്ത് തനിക്കാക്കിയതിന്റെ മറ്റൊരു പകര്‍പ്പായി മാത്രമെ വിക്ടേഴ്‌സ് ചാനല്‍ സംബന്ധിച്ച് വി.എസ്.അച്യുതാനന്ദന്റെ നിലപാടിനെ കാണുന്നുള്ളുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2005-ല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ വിക്ടേഴ്‌സ് ചാനലിന്റെ ക്രഡിറ്റ് ഇപ്പോള്‍ ഇടതുപക്ഷം ഏറ്റെടുക്കകയാണെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ഇടുതു സര്‍ക്കാരിനെ നയിച്ച വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തുകയും വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് 2006 ഓഗസ്റ്റില്‍ താനായിരുന്നുവെന്നും എട്ടുകാലി മമ്മൂഞ്ഞിനെപോലെ അതിന്റെ ആള് ഞാനാണ് എന്നുവിളിച്ചു പറയുന്നതല്ല, വിദ്യാഭ്യസത്തെകുറിച്ചുള്ള കാഴ്ചപ്പാടെന്നുമായിരുന്നു വി.എസിന്റെ മറുപടി. വി.എസിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്തുവന്നിരിക്കുന്നത്.
വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായെന്നും വിക്ടേഴ്സ് ചാനല്‍ ആരു തുടങ്ങി എന്നതു സംബന്ധിച്ചാണല്ലോ തര്‍ക്കം.എന്നുതുടങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ തുടരുന്നു.
ഇതു സംബന്ധിച്ച ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്നത് വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടെയുള്ള ഐടി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നടത്തിപ്പുകാരായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഓഫ് എഡ്യൂക്കേഷന്‍ (കെ.ഐ.ടി.ഇ)ന് ആണെന്നും വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തത് 2005 ജൂലൈ 28ന് രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം ആണെന്ന് അവര്‍ വ്യക്തമായി പറയുന്നു. അതാണു ഞാനും നേരത്തെ ചൂണ്ടിക്കാട്ടിയതെന്നും അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതില്‍ ഇനി തര്‍ക്കമില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
കെ.ഐ,ടി.ഇ പറയുന്ന മറ്റൊരു കാര്യം വിക്ടേഴ്സ് ചാനലിന് രണ്ടു ഭാഗങ്ങളുണ്ടെന്നാണ് ആദ്യത്തേത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ഇന്‍ര്‍ ആക്ടീവ് മോഡും രണ്ടാമത്തേത് വി.എസ് മുഖ്യമന്ത്രിയായി രണ്ടര മാസം കഴിഞ്ഞ് ഉദ്ഘാടനം ചെയ്ത നോണ്‍ ഇന്റര്‍ ആക്ടീവ് മോഡും. ഇന്റര്‍ ആക്ടീവ് മോഡില്‍ പരിമിതമായ തോതിലാണ് വിക്ടേഴ്സ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അതിനെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കി 1000 സ്‌കൂളുകളില്‍ എത്തിക്കാനുള്ള നടപടി യു.ഡി. എഫാണ് സ്വീകരിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുക, ബാന്‍ഡ് വിഡ്ത്ത് കൂട്ടുക, ആന്റിനകളും സെറ്റപ്പ് ബോക്സുകളും ലഭ്യമാക്കുക തുടങ്ങിയ സന്നാഹങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. എല്ലാ നടപടിക്രമങ്ങളും യു.ഡി.എഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്സിന്റെ അടുത്ത ഘട്ടമാണ് വി.എസ് ഉദ്ഘാടനം ചെയ്തത്.
2006 മെയ് 18ന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുകയും 2006 ഓഗസ്റ്റ് 3ന് വിക്ടേഴ്സ് ചാനലിന്റെ നോണ്‍ ഇന്റര്‍ ആക്ടീവ് മോഡ് വി.എസ് ഉദ്ഘാടനം ചെയ്യുകയുമാണ് ഉണ്ടായത്. വെറും രണ്ടര മാസത്തിനുള്ളില്‍ വിക്ടേഴ്സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വി.എസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു.
ഐ. ടി അധിഷ്ഠിത സാങ്കേതികവിദ്യയ്ക്കെതിരേ ഉറഞ്ഞുതുള്ളിയശേഷം വിക്ടേഴ്സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ തീര്‍ച്ചയായും എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിമാനിക്കാം. ‘തൊഴില്‍ തിന്നുന്ന ബകന്‍’ എന്ന പേരില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനെതിരേ ചിന്ത വാരിക പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ഇടതുപക്ഷക്കാരുടെ കയ്യില്‍ കാണുമല്ലോ എന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.