മലപ്പുറം: കോവിഡ് 19ന്റെ സാഹചര്യത്തിലുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി ഗവണ്മെന്റ് സര്‍ക്കുലര്‍ അനുസരിച്ച് സ്വന്തം വീടുകളിലേക്ക് പോയ അനാഥശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വീടുകളില്‍ പോയ വിദ്യാര്‍ഥികള്‍ തിരിച്ച് വരുന്നതിന് മുമ്പ് സി.ഡബ്ല്യു.സി ഉദ്യോഗസ്ഥര്‍ ഗൃഹസന്ദര്‍ശനം നടത്തി പരിശോധിച്ച് സ്ഥാപനങ്ങളിലേക്ക് തിരിച്ച്പോകുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അത്യാവശ്യഘട്ടത്തില്‍ മാത്രം അനുമതി നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് അനാഥശാലാ പ്രവര്‍ത്തനത്തിന് പരിഗണിക്കുന്നതല്ലെന്നും സി.ഡബ്ല്യു.സിയുടെ അനുമതിയില്ലാതെ പ്രവേശനം നല്കിയാല് ആറ് മാസ തടവും പതിനായിരം രൂപ പിഴയും ശിക്ഷനല്കുമെന്നും ഉത്തരവില്‍ പറയുന്നു. അനാഥശാലകള്‍ അടച്ചുപൂട്ടുക എന്ന ഉദ്ദേശ്യം ഇതിന് പിന്നില്‍ ഉള്ളതായി സംശയിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും കാണാനാവാത്ത നിര്‍ധനരായ വിദ്യാര്‍ഥികളാണ് അനാഥശാലകളില്‍ പഠിക്കുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഫോണോ, ഇന്റര്‍നെറ്റോ, ടി.വിയോ ഇല്ലാത്തതിന്റെ പേരില്‍ ക്ലാസുകള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ്. അതിനാല്‍ സ്ഥാപനങ്ങളില്‍ തിരിച്ചെത്തുവാന്‍ വിദ്യാര്‍ഥികള്‍ നിരന്തരം ബന്ധപ്പെടുന്ന സാഹചര്യംകൂടി കണക്കിലെടുത്ത് വിവാദ ഉത്തരവ് പിന്‍വലിച്ച് അനാഥ മക്കളുടെ വിദ്യാഭ്യാസം സുഖകരമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഓര്‍ഫനേജ് പുന:സംഘടിപ്പിക്കാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.സി മായിന്‍ ഹാജി, (മുസ്ലിംലീഗ്), പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), കെ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്റഫ് (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്), അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ (മര്‍ക്കസുദ്ദഅ്വ), ഡോ. ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), കെ.പി ഫസലുദ്ദീന്‍ (എം.എസ്.എസ്), പ്രഫ. ഇ.പി ഇമ്പിച്ചിക്കോയ (ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പര്‍) എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.