
മലപ്പുറം: വെറുപ്പിന്റെ രാഷ്ട്രീയം പടര്ത്താനെത്തുന്നവരെ സ്നേഹത്തിന്റെ പൂമരച്ചോട്ടിലിരുത്തി മനസ്സുമാറ്റിവിടും. ഇതു മലപ്പുറത്തിന്റെ പാരമ്പര്യമാണ്. കാലമെ ത്ര കഴിഞ്ഞാലും മാറ്റു കുറയാത്ത ആ നന്മമരങ്ങള് എമ്പാടുമുണ്ട് മലപ്പുറത്ത്. അതുകൊണ്ടുതന്നെ മേനകാഗാന്ധിയെപ്പോലുള്ളവര് തൊടുത്തുവിടുന്ന മുസ്ലിം വിദ്വേഷത്തിന് ഈ മണ്ണില്‍ വേരാഴ്ത്താനാവില്ല. മലപ്പുറം കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രവളപ്പില്‍ നട്ട ഈ മരവും വരും കാലത്തിനു മുന്നില്‍ അത് സാക്ഷ്യപ്പെടുത്തും.
അങ്ങാടിപ്പുറം തളിക്ഷേത്ര ഗോപുര വാതില്‍ കത്തിയമര്‍ന്ന വാര്‍ത്ത കേട്ട് ഓടിക്കിതച്ച് ക്ഷേത്രമുറ്റത്തെത്തിയ മഹാനായ ശിഹാബ് തങ്ങളെ ഓര്‍ക്കാത്തവരാണ്, മതസൗഹാര്‍ദ്ദത്തില്‍ കേളികേട്ട മലപ്പുറത്തെ വര്‍ഗീയതയുടെ ആലയില്‍ കെട്ടാന്‍ തിടുക്കം കൂട്ടുന്നത്. കൈപ്പേറിയ പരാമര്‍ശങ്ങള്‍ മലപ്പുറത്തുകാരുടെ ഹൃദയത്തില്‍ വേദന പടര്‍ത്തുന്നതിനിടയിലാണ് ശിഹാബ് തങ്ങളുടെ പ്രിയ പുത്രനും മസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ ഇന്നലെ ഒരു മരം നട്ടത്. ക്ഷേത്രത്തിലെ പൂജാരി മണികണ്ഠന് എമ്പ്രാന്തിരിക്കൊപ്പം നട്ട ആ വൃക്ഷത്തൈക്ക് മുനവ്വറലി തങ്ങള്‍ തന്നെ ‘മൈത്രി’ എന്ന് പേരിട്ടു.
ലോക പരിസ്ഥതി ദിനത്തില്‍ മുസ്്ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വേറിട്ട കര്‍മ്മം. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് പരിധിയില്‍ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു മേനകാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രസ്താവനയുമാ യി രംഗത്തെത്തിയത്. ഇതിനെതിരെ ജാതിഭദമെന്യേ വിമര്‍ശ നം ഉയരുന്നതിനിടെയാണ് ഇത്ത രം ശ്രമങ്ങള്‍ക്ക് മലപ്പുറത്തിന്റെ ഐക്യം തകര്‍ക്കാനാവില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടത്. ചടങ്ങില്‍ സി.പി സാദിഖലി അധ്യക്ഷത വഹിച്ചു. സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി, ഹാരിസ് ആമിയന്‍, ക്ഷേത്ര ഭാരവാഹികളായ സുരേഷ്, രാകേഷ്, അഷ്റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, സദാദ് കാമ്പ്ര, റസാഖ് വാളന്‍, റഹിമാന്‍ മച്ചിങ്ങല്‍, ഷബീബ് കുന്നുമ്മല്‍ , വി.ടി മുനീര്‍, റസാഖ് കാരാത്തോട്, അമീര്‍ തറയില്‍, ഫെബിന് കളപ്പാടന്‍ പങ്കെടുത്തു.