
ദളിത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തതില്‍ മനംനൊന്ത്
വളാഞ്ചേരി: ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് അനാവശ്യ തിടുക്കം കാട്ടിയ വിദ്യാഭ്യാസ വകുപ്പിനേയും സംസ്ഥാന സര്‍ക്കാറിനേയും പ്രതിക്കൂട്ടിലാക്കി മലപ്പുറത്തെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് മകള്‍ ദേവിക കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലാണ് സര്‍ക്കാറിന് തിരിച്ചടിയാകുന്നത്. മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രമേ ക്ലാസുകള്‍ ആരംഭിക്കാവൂവെന്ന പ്രതിപക്ഷ കക്ഷികളുടേയും വിദ്യാര്‍ത്ഥി സംഘടനകളേയും ആവര്‍ത്തിച്ചുള്ള ആവശ്യം കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ ജൂണ്‍ ഒന്നിനു തന്നെ ക്ലാസുകള്‍ ആരംഭിച്ചത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് സക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.
തന്റെ സഹപാഠികളെല്ലാം ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ആദ്യ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് അതിന് സാധ്യമാവാതെ പോയതിലുള്ള മനോവിഷമമാണ് ഈ ഒമ്പതാം ക്ലാസുകാരിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്.
ദേവികയെ പോലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോഴും സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ പങ്കെടുക്കാനാവാതെ മനോവേദന അനുഭവിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്ക് പ്രകാരം തന്നെ രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളോ വിക്ടേര്‍സ് ചാനലിലെ ക്ലാസുകള്‍ കേള്‍ക്കുവാനോ സാഹചര്യം ഇല്ല. ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കുന്ന കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊള്ളാതെ ഇത്രയും വിദ്യാര്‍ഥികളെ പുറത്തിരുത്തി എന്ത് വിദ്യാഭ്യാസ വിപ്ലവമാണ് നടത്താനാവുക എന്ന ചോദ്യമാണ് സര്‍ക്കാറിനെതിരെ ഉയരുന്നത്.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ കൂടിയാലോചന നടത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു വീഴച സംഭവിക്കില്ലായിരുന്നുവെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നുവെങ്കില് പ്രാദേശിക തലത്തില്‍ ലാപ്ടോപ്പ്, ടി.വി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ തന്നെ തുടങ്ങാമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ആവശ്യമായ സംവിധാനം ഒരുക്കണമെന്ന് എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെ ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറന്നു എന്ന് മേനി നടിക്കുന്നതിന് വേണ്ടി ധൃതി പിടിച്ചെടുത്ത തീരുമാനമാണ് ഒരു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കലാശിച്ചത്.സര്‍ക്കാരാണ് ഈ മരണത്തിന് പൂര്‍ണ ഉത്തരവാദിയെന്ന് പല കോണുകളില്‍ നിന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇരിമ്പിളിയം തിരുനിലം പുളിയാപറ്റ കുഴിയില്‍ താമസിക്കുന്ന കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന് – ഷീബ ദമ്പതികളുടെ മകള്‍ ദേവിക(14)യെയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് ഞാന്‍ പോകുന്നുവെന്നെഴുതിയ ആത്മഹത്യാ കുറിപ്പിലും ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേവിക ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തതില്‍ മനം നൊന്താണെന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്.
വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തനരഹിതമായിട്ട് ഏറെ നാളായിരുന്നു. പണമില്ലാത്തതിനാല്‍ ടി.വി നന്നാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സാധിച്ചിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. കുലിപ്പണിക്കാരനായ അച്ഛന് രോഗംമൂലം ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ദേവിക പഠനം തടസ്സപ്പെടുമോയെന്ന ആശങ്ക പങ്ക് വെച്ചിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു.