കോഴിക്കോട്: എങ്ങന്യാ വിളിക്കാ….തങ്കുപൂച്ചേ…..മിട്ടുപൂച്ചേ…. സ്നേഹത്തോടെ എല്ലാവരും ഉറക്കെ വിളിച്ചുനോക്കിയേ… കേരളം ഒന്നടങ്കം ഇന്നലെ കോഴിക്കോട്ടുകാരി സായി ശ്വേത ടീച്ചറുടെ ഒന്നാംക്ലാസിലായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഫസ്റ്റ്ബെല്‍ എന്നപേരില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് സംസ്ഥാനത്തൊട്ടാകെ അധ്യയന വര്‍ഷം ആരംഭിച്ചത്. ഇവിടേക്കാണ് വിക്ടേഴ്സ് ചാനലിലൂടെ ഒന്നാംക്ലാസിലെ കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളുമായി സായി ടീച്ചര്‍ എത്തിയത്. രണ്ട് പൂച്ചകുട്ടികളെ കൈയിലെടുത്ത് പഠിപ്പിക്കുന്ന ടീച്ചറെടുത്ത ക്ലാസ് മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
ഈണത്തില്‍, താളത്തില്‍ നിഷ്കളങ്കമായി സായി ടീച്ചര്‍ ടിവിയിലൂടെ ഒന്നാംക്ലാസിലെ കൊച്ചുകുട്ടികളോട് തങ്കുപൂച്ചേയെന്ന് ഏറ്റുവിളിക്കാന് പറഞ്ഞപ്പോള്‍ കേരളമാകെയാണ് അതേറ്റുവിളിച്ചത്. കുഞ്ഞുങ്ങളെ തൊടാതെ തൊട്ടുകൊണ്ടുള്ള ഈ ക്ലാസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കോഴിക്കോട് ചോമ്പാല ഉപജില്ലയിലെ എല്‍.പി സ്കൂള്‍ അധ്യാപികയായ സായി ശ്വേത അധ്യാപകജീവിതം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായിട്ടേയുള്ളൂ. മുന്‍പ് രണ്ടാംക്ലാസുകാരെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒന്നാംക്ലാസ് എടുക്കുന്നത്. ഡാന്‍സ് ചെയ്യാനൊക്കെ ഇഷ്ടമായതിനാല്‍ ടിക്ടോക്കില്‍ വീഡിയോ ചെയ്തിരുന്നു. ഈയൊരു പരിചയംവെച്ചാണ് ക്യാമറക്ക് മുന്നിലെത്തിയത്. എന്തായാലും സംഗതി വൈറലായതോടെ ടീച്ചര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. പ്രമുഖരടക്കം നിരവധിപേരാണ് ടീച്ചറെ വിളിക്കുന്നത്. ഹിറ്റാക്കിയ ട്രോളര്‍മാരോട് ടീച്ചര്‍ പറയുന്നത് ഇതാണ്… ഒന്നാംക്ലാസ് അല്ലേ.. അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണമല്ലോ. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ആഴ്ചയില്‍ രണ്ട്ദിവസമാണ് സായി ടീച്ചറുടെ ക്ലാസുള്ളത്.