സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി മുഴുവന്‍ കണ്ടെയ്ന്‍മെന്റ്: യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ റിലേ സമരം ആരംഭിച്ചു

യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല റിലേ സമരം

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റി മുഴുവനുമായുള്ള അശാസ്ത്രീയമായ കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്നും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ക്വാറന്റീനില്‍ പോകാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു. മുനിസിപ്പല്‍ ഓഫീസിന് മുന്നിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമരം. കോവിഡ് ബാധിത പ്രദേശമായ പൂളവയലില്‍ നിന്ന് അര കിലോമീറ്റര്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെയ്‌ന്മെന്റില്‍ ഉള്‍പ്പെടുത്താതെ ഏഴു കിലോമീറ്റര്‍ അകലെയുള്ള കൊളഗപ്പാറയും ചെതലയവുമൊക്കെ സോണില്‍ ഉള്‍പ്പെടുത്തിയത് അശാസ്ത്രീയമാണ്. നഗരം മുഴുവന്‍ അടച്ചിടാനുള്ള മുനിസിപ്പല്‍ ചെയര്‍മാന്റെ നിര്‍ദേശം വ്യാപാരികളെയും പൊതുസമൂഹത്തെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തും നൂറുകണക്കിന് തൊഴിലാളികളെ ഉപയോഗിച്ചുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ നടപടി ഉണ്ടാവാത്തതിന് പിന്നില്‍ ചെയര്‍മാന്റേയും കൂട്ടരുടെയും സാമ്പത്തിക അഴിമതിയുണ്ട്. കെട്ടിട നിര്‍മ്മാണവും റിസോര്‍ട്ടുകാരുടെ സാമ്പത്തിക ചിലവില്‍ നടക്കുന്ന റോഡ് നിര്‍മ്മാണവും പരിശോധിക്കാന്‍ പോയ ചെയര്‍മാനും ക്വാറന്‍ന്റീനില്‍ പോകണം. രോഗികള്‍ ഉണ്ടായിരുന്നിടം സന്ദര്‍ശിച്ചിട്ടും സാമൂഹ്യ വ്യാപനത്തിന് വഴിവെക്കുന്ന രീതിയില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്.എന്‍ എം വിജയന്‍ ഉദ്ഘാടനം ചെയ്തു.
പി പി അയ്യൂബ്, അഡ്വ.ആര്‍ രാജേഷ് കുമാര്‍, ബിന്ദു സുധീര്‍ ബാബു, ബള്‍ക്കീസ് ഷൗക്കത്ത് പ്രസംഗിച്ചു.