1113 പ്രവാസികളുമായി ആറു ചാര്‍ട്ടേഡ് വിമാനങ്ങള്‍കൂടി നാട്ടിലേക്ക് മടങ്ങി

    അബുദാബി: അബുദാബിയില്‍നിന്ന് ആറു ചാര്‍ട്ടേഡ് വിമാനങ്ങള്‍കൂടി വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരിച്ചു. 1113 തൊഴിലാളികളാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയത്.
    ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോയവരുടെ എണ്ണം 2681 ആയി. വിവിധ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് എന്ന വിധത്തിലാണ് പ്രത്യേക വിമാനങ്ങളില്‍ തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയത്.
    വരുംദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അബുദാബിയില്‍നിന്ന് പോയ മുഴുവന്‍ ചാര്‍ട്ടേഡ് വിമാനങ്ങളും വിവിധ കമ്പനികള്‍ അതാത് തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് യാത്ര തരപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പുറത്തുള്ള മറ്റു പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നില്ല.
    സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിരക്ക് കൂടുതല്‍ ഈടാക്കേണ്ടി വരുന്നതുകൊണ്ട് അത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
    ഇന്നലെ അബുദാബിയില്‍നിന്നും കോഴിക്കോട്ടേക്ക് 186 യാത്രക്കാരുമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പോയത്. ദുബൈയില്‍നിന്നും കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, മധുര എന്നിവിടങ്ങളിലേക്ക് 914 പ്രവാസികളും യാത്ര തിരിക്കുകയുണ്ടായി.