14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയായവര്‍ക്ക് വീണ്ടും ക്വാറന്റീനില്‍ കഴിയണം

ഒറ്റപ്പാലം :ആരോഗ്യ വകുപ്പിന്റെ വീഴ്ച കാരണം ഇതരസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയ ശേഷം 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയായവര്‍ക്ക് വീണ്ടും ക്വാറന്റീനില്‍ കഴിയണം.അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും കൊവിഡ്19പരിശോധനയ്ക്ക് കൊണ്ടുപോയ രീതിയാണ് വിവാദത്തിന് വഴിവെച്ചത്. രണ്ട് ആംബുലന്‍സിലായി മൂന്നുപേരെ വീതം അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊവിഡ്19 പരിശോധനയുടെ ഭാഗമായി സ്രവം എടുക്കുന്നതിനായാണ് കൊണ്ടുപോയത്. ഇരു ആംബുലന്‍സിലും ഓരോപേര്‍ക്ക് വീതം കൊവിഡ്19 പോസിറ്റീവായി. ഇതോടെ നിരീക്ഷണ കേന്ദ്രത്തിലുള്ളവരില്‍ സഹയാത്രികരായവര്‍ക്ക് വീണ്ടും ക്വാറന്റീന്‍ നിര്‍ദേശം ലഭിച്ചു.
എന്നാല്‍ റിസല്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ വേങ്ങശ്ശേരി സ്വദേശിയെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തതായി നിരീക്ഷണത്തിലുള്ളവര്‍ പറയുന്നു. അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചോട് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ക്വാറന്റീന്‍ കഴിയുന്നവര്‍ക്കാണ് വീണ്ടും ക്വാറന്റീനില്‍ നിര്‍ദേശം ലഭിച്ചത്. ഒന്നിലധികം പേരെ ആംബുലന്‍സില്‍ കൊണ്ടുപോയത്.
ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് തലനിരീക്ഷണ സമിതിയില്‍ പഞ്ചായത്ത് അംഗം ടി.പി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.നേരത്തെ ഒരാള്‍ക്ക് ഒരു ആംബുലന്‍സ് എന്ന രീതിയിലായിരുന്നു സ്രവപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നത്.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഹോട്‌സ്‌പോട്ട് പ്രദേശമായി മൂന്ന് ദിവസം മുമ്പ് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചെങ്കിലും വാര്‍ഡ് തല നിരീക്ഷണ സമിതികള്‍ ചേര്‍ന്ന ശേഷം മാത്രമേ പ്രാദേശിക റോഡുകള്‍ അടക്കുകയുള്ളൂ എന്നതാണ് പഞ്ചായത്ത് തീരുമാനം. എന്നാല്‍ അമ്പലപ്പാറ സെന്ററിലും പരിസരത്തും പൊലിസ് പരിശോധന കര്‍ശനമാക്കി.