15 പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ കോവിഡ് 19

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക്കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 56 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ ആറിന് വൈറസ് ബാധ സ്ഥിരീകരിച്ച കുറുവ പാങ്ങ് സ്വദേശി 41 കാരനുമായാണ് ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത്. ജൂണ്‍ നാലിന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ കോഴിക്കോട് വഴി നാട്ടിലെത്തിയ കരുവാരക്കുണ്ട് അരിമണല്‍ സ്വദേശി 29 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ രണ്ടിന് തിരിച്ചെത്തിയവരായ പറപ്പൂര്‍ സ്വദേശി 21 വയസുകാരന്‍, പുല്‍പ്പറ്റ ഞാവലുങ്ങല്‍ കോലോത്തുംപടി സ്വദേശി 22 വയസുകാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 28 ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി 61 വയസുകാരന്‍, മെയ് 28 ന് മുംബൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ ഒരുമിച്ചെത്തിയ കരുവാരക്കുണ്ട് വാക്കോട് സ്വദേശിനി 32 വയസുകാരി, ബന്ധുവായ കരുവാരക്കുണ്ട് വാക്കോട് സ്വദേശി 16 വയസുകാരന്‍, കുവൈത്തില്‍ നിന്ന് ജൂണ്‍ 11 ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് ആല്‍പ്പറമ്പ് സ്വദേശി 59 വയസുകാരന്‍, ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്ന് കൊച്ചി വഴി നാട്ടില്‍തിരിച്ചെത്തിയ തിരൂര്‍ തുഞ്ചന്‍പറമ്പ് സ്വദേശി 34 വയസുകാരന്‍, മെയ് 31 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിതിരിച്ചെത്തിയ വാഴയൂര്‍ പുഞ്ചപ്പാടം സ്വദേശിനി ഗര്‍ഭിണിയായ 23 വയസുകാരി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിതിരിച്ചെത്തിയ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി 37 വയസുകാരന്‍, ജൂണ്‍ 11നുതന്നെ കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയവരായ കൊണ്ടോട്ടി കൊട്ടപ്പുറം തുറക്കല്‍ സ്വദേശിനി 28 വയസുകാരി, ഇവരുടെ മക്കളായ എട്ട് വയസുകാരന്‍, രണ്ട് വയസുകാരന്‍, ഒരു വയസുകാരി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആസ്പത്രികളില്‍ പോകരുത്.

7 പേര്‍ കോവിഡ് മുക്തരായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരിഗവ. മെഡിക്കല്‍കോളജ്ആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. മെയ് 27 ന് രോഗബാധയെതുടര്‍ന്ന് ചികിത്സയിലായ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി 56 വയസുകാരന്‍, ജൂണ്‍ രണ്ടിന് രോഗബാധിതനായി ചികിത്സയിലായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 വയസുകാരന്‍, ജൂണ്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ അഞ്ചിന് രോഗബാധയെ തുടര്‍ന്ന് ഐസൊലേഷനിലായവരായ മമ്പാട് ഓമല്ലൂര്‍ സ്വദേശിനി 43 വയസുകാരി, മഞ്ചേരി മാരിയാട് വീമ്പൂരിലെ ആശവര്‍ക്കറായ 48 വയസുകാരി, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി 33 വയസുള്ള വനിതാ ഡോക്ടര്‍, ജൂണ്‍ എട്ടിന് രോഗബാധിതനായി ചികിത്സയിലായ തിരുവനന്തപുരം പുലിയൂര്‍ക്കോണം സ്വദേശി 56 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 210 പേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും നാല ്തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഓരോഇടുക്കി, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളും പൂനെ സ്വദേശിനിയായ എയര്‍ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.