ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ സമ്പൂര്‍ണ സൗജന്യ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ജൂലൈ 3ന് കൊച്ചിയിലേക്ക് പറക്കും

  289
  ജിജി വര്‍ഗീസ്

  185 ഇന്ത്യക്കാര്‍ക്ക് സൗജന്യ ചാര്‍ട്ടേഡ് വിമാനമൊരുക്കിയത് ജിജി വര്‍ഗീസും സംഘവും

  ദുബൈ: ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ സമ്പൂര്‍ണ സൗജന്യ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ജൂലൈ 3ന് കൊച്ചിയിലേക്ക് പറക്കും. 185 ഇന്ത്യക്കാര്‍ക്ക് കൊച്ചിയിലേക്ക് പൂര്‍ണമായും സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയത് ദുബൈയിലെ ജെ & ജെ മാര്‍ക്കറ്റിംഗ് എല്‍എല്‍സിയാണ്. എല്ലാ ചെലവുകളും വഹിച്ച് അര്‍ഹരെ തീര്‍ത്തും സൗജന്യമായി സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ പരിശ്രമിക്കുകയാണ് ജിജിയും സംഘവും. സര്‍ക്കാര്‍ സ്ഥാപനങ്ങളോടൊപ്പം ജിജിയും സംഘവും ഏകോപിപ്പിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്.
  ഇരുപത് രാജ്യങ്ങളിലെ സ്റ്റേഷനറി വ്യവസായത്തില്‍ പ്രമുഖ വിതരണക്കാരായ ജെ & ജെ മാര്‍ക്കറ്റിംഗ് എല്‍എല്‍സി ദുബൈയുടെ മാനേജിംഗ് ഡയറക്ടര്‍ ജിജി വര്‍ഗീസിന് സന്ദര്‍ഭോചിതവും ശ്‌ളാഘനീയവുമായ ഇത്തരമൊരു ദൗത്യം നിര്‍വഹിക്കാനാകുന്നതില്‍ അതിയായ സന്തോഷവും സംതൃപ്തിയുമാണുള്ളത്.
  മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അതിനുള്ള ചെലവ് വഹിക്കാന്‍ കഴിയാത്തവരെ സഹായിക്കാനായാണ് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധമായ ഈ സംരംഭത്തിന് വ്യക്തിപരമായി തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജോലി നഷ്ടപ്പെട്ടവര്‍, താഴ്ന്ന വരുമാനക്കാര്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, വിട്ടു മാറാത്ത രോഗങ്ങളുളളവര്‍ എന്നിവര്‍ക്ക് ഈ സൗജന്യ ചാര്‍ട്ടേഡ് വിമാനം പ്രയോജനകരമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
  മര്‍ത്തോമ്മ ചര്‍ച്ച്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, യുഎക്യു ഇന്ത്യന്‍ അസോസിയേഷന്‍, പിടിഎ അസോസിയേഷന്‍, ഇന്‍കാസ്, വിഒഎല്‍, അക്കാഫ് ടാസ്‌ക് ഫോഴ്‌സ്, ദി ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ നെറ്റ്‌വര്‍ക് ഓഫ് കേരള കോളജസ് അലൂംനൈ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ വിവിധ സംഘടനകളി നിന്നും ഈ വിമാന സര്‍വീസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ ആളുകളുടെ പട്ടിക സൂക്ഷ്മ പരിശോധന നടത്താന്‍ മികച്ച ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. അര്‍ഹര്‍ക്ക് മാത്രമേ ഈ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കൂവെന്നുറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഏറ്റവും നിര്‍ണായകമായ സമയത്ത് അപ്രതീക്ഷിതമായ സഹായം അമൂല്യവും അര്‍ത്ഥവത്തുമായിരിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”എന്റെ ടീമംഗങ്ങളുടെ പ്രയത്‌നത്തെ പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തില്ലെങ്കില്‍ ഈ പദ്ധതി പൂര്‍ണമാവില്ല. ഈ സംരംഭം വിജയിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തകരെയും നന്ദിയും കടപ്പാടും അറിയിക്കുകയാണ്. എല്ലാറ്റിനുമുപരിയായി, ഇക്കാര്യങ്ങള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്ന ദൈവത്തോട് നന്ദി പറയുകയാണ്” -ജിജി വര്‍ഗീസ് പറഞ്ഞു.
  കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ദിലീപ് +971 55 268 3736, രാജേഷ് +971 55 261 4845, സുനില്‍ +971 55 262 1787. ഇമെയില്‍: missiongigis@gmail.com.