ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിയ 21 ആസ്റ്റര്‍ ജീവനക്കാര്‍ ദുബൈയില്‍ തിരിച്ചെത്തി

ഇന്ത്യയില്‍ നിന്ന് ദുബൈയില്‍ തിരിച്ചെത്തിയ ആസ്റ്റര്‍, മെഡ്‌കെയര്‍ സ്റ്റാഫ്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍

ദുബൈ: ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിയ 21 ആസ്റ്റര്‍ ജീവനക്കാര്‍ ദുബൈയില്‍ തിരിച്ചെത്തി. ദുബൈയിലെ ആസ്റ്റര്‍, മെഡ്‌കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് തിരിച്ചെത്തിയത്. ഡിഎച്ച്എയിലും ഡിസിഎഎസിലുമുള്ള സ്റ്റാഫും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പനെ ഉദ്ധരിച്ച് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ആസ്റ്റര്‍, മെഡ്‌കെയര്‍ മെഡിക്കല്‍ ജീവനക്കാര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയത്, യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് അലീഷാ മൂപ്പന്‍ പറഞ്ഞു. നേരത്തെ ദുബൈയിലെത്തുകയും കോവിഡ് 19 രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാനുള്ള യുഎഇ സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ സജീവമായി പങ്കാളികളാവുകയും ചെയ്തു കൊണ്ടിരിക്കുന്ന 88 ക്രിട്ടികല്‍ കെയര്‍ മെഡിക്കല്‍ ജീവനക്കാരുടെ ബാച്ചിനൊപ്പം ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജീവനക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതിന് യുഎഇ സര്‍ക്കാര്‍, ദുബൈ ഹെല്‍ത് അഥോറിറ്റി, ഇന്ത്യയിലെ യുഎഇ എംബസി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവരോട് തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും
അലീഷാ മൂപ്പന്‍ വ്യക്തമാക്കി.