24 മണിക്കൂറിനിടെ രാജ്യത്ത് 10,000 രോഗികള്‍

17

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്. 279 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളിലായി 9985 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. 10,000 തികയാന്‍ 15 പേരുടെ കുറവ് മാത്രം. ഇതുവരേയുള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ സ്ഥിരീകരണ കണക്കാണിത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ നേരിയ കുറവിനു ശേഷമാണ് ഇന്നലെ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുതിപ്പുണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,76,583ലെത്തി. ഇതുവരെ 7745 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ഇതുവരെ രോഗമുക്തരായവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തെ മറികടന്നത് നേരിയ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗമുക്തി നേടുന്നവരുടെ എണ്ണം താരതമ്യേന കൂടുതലും മരണ നിരക്ക് കുറവുമാണ് എന്നതാണ് ആശ്വാസം പകരുന്നത്. 1,33,632 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 135,205 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 90,000 കടന്നിട്ടുണ്ട്.

കേരളത്തില്‍ 65 പേര്‍ക്കുകൂടി കോവിഡ്; മരണം 17
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 65 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ച കുമാരന് (87) കോവിഡ് ഉണ്ടായിരുന്നെന്നും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരിച്ചു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 22, കുവൈറ്റ് 4, ഒമാന്‍ 3, നൈജീരിയ 2, റഷ്യ 2, സൗദി അറേബ്യ 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 9, തമിഴ്‌നാട് 9, ഡല്‍ഹി 3, കര്‍ണാടക 1, അരുണാചല്‍ പ്രദേശ് 1, ഗുജറാത്ത് 1, ഉത്തര്‍പ്രദേശ് 1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 1238 പേരാണ് ഇനി ചികിത്സയിലുള്ളത്.

ഡി.എം.കെ എം.എല്‍.എ അമ്പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു


ന്യൂഡല്‍ഹി: ഡി.എം.കെ നേതാവും സിറ്റിങ് എം.എല്‍.എയുമായ ജെ അമ്പഴകന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് ചെന്നൈയിലെ ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. 62ാം ജന്മദിനം കൂടിയായ ഇന്നലെ പുലര്‍ച്ചെ ആരോഗ്യ നില കൂടുതല്‍ വഷളാവുകയും കാലത്ത് 8.05ന് മരണം സംഭവിക്കുകയുമായിരുന്നു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് അമ്പഴകന് കോവിഡ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആസ്പത്രിയിലേക്ക് മാറ്റി.ഒരു ഘട്ടത്തില്‍ ആരോഗ്യനില പൂര്‍ണമായി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. എന്നാല്‍ ഇന്നലെ കാലത്ത് ആരോഗ്യനില വഷളാവുകയായിരുന്നു. സ്വന്തം മണ്ഡലമായ ചെപ്പോക്ക് തിരുവാലിക്കണിയില്‍ ലോക്ക്ഡൗണ്‍ കാലത്ത് നടത്തിയ റിലീഫ് വിതരണ ചടങ്ങിനിടെയാണ് വൈറസ് ബാധിച്ചതെന്നാണ് സൂചന.