ആസ്റ്ററിന്റെ തണലില്‍ പേരാമ്പ്രയില്‍ മൂന്ന് കാരുണ്യ ഭവനങ്ങള്‍ കൂടി

57

പേരാമ്പ്ര/ദുബൈ: ആതുര ശുശ്രൂഷാ രംഗത്ത് പുത്തന്‍ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശുപത്രിയുടെ മുഖഛായ മാറ്റി അടിമുടി സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന വിധത്തില്‍ കേരളത്തിന്റെ മെസിക്കല്‍ രംഗത്ത് വിസ്മയം സൃഷ്ടിച്ച ആസ്റ്റര്‍ മിംസിന്റെ സാരഥികള്‍ ‘ആസ്റ്റര്‍ ഹോംസ്’ എന്ന പേരില്‍ നിരാലാംബര്‍ക്കും വിധവകള്‍ക്കും നല്‍കുന്ന വീടുകളില്‍ രണ്ടെണ്ണം കൂടി പേരാമ്പ്രയില്‍ നിര്‍മിച്ചു നല്‍കും. പ്രവാസിയായ പി.എം മുഹമ്മദ് നൊച്ചാട് സൗജന്യമായി നല്‍കിയ 12 സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മിക്കുക. ചെരുപ്പുകുത്തി ഉപജീവനം നടത്തുന്ന പേരാമ്പ്രയുടെ കാരുണ്യ മുഖമായ ഡയാന ലിസിക്കായിരുന്നു ആദ്യ വീട് നല്‍കിയത്.

ഈ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചത് കേരള തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനാണ്. ലിസിയെ കുറിച്ചറിഞ്ഞ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ ‘ആസ്റ്റര്‍ ഹോംസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയായിരുന്നു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും കെയര്‍ ഫൗണ്ടേഷന്‍ പേരാമ്പ്രയുമായിരുന്നു ഈ വീടിനാവശ്യമായ സ്ഥലം ലഭ്യമാക്കിയത്. ആസ്റ്റര്‍ ഗ്രൂപ്പിന്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന് കീഴിലാണ് മറ്റ് വീടുകളും ഒരുങ്ങുക. അപേക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരെ പരിഗണിക്കും.
കഴിഞ്ഞ പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട വയനാട് പനമരം നീരട്ടാടിയില്‍ ഒരേക്കര്‍ സ്ഥലത്ത് നിര്‍മിച്ച 20 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്.
ആസ്റ്റര്‍ ഗ്രൂപ്പിന്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനുമായി സഹകരിച്ചാണ് നിര്‍ധനരും വിധവകള്‍ക്കുമായി വീടുകള്‍ നിര്‍മിക്കുന്നത്.