സഊദിയില്‍ കോവിഡ് മരണം പെരുകുന്നു, പ്രവാസികളുടെ ആശങ്കയും

ഞായറാഴ്ച മരിച്ചത് 40 പേര്‍

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ്-19 മരണം പെരുകുന്നു. ഞായറാഴ്ച 40 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 1,855 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നത് ആരോഗ്യ പ്രവര്‍ത്തകരിലും പ്രയാസമുണ്ടാക്കുന്നുണ്ട്.
മരണ സംഖ്യ വര്‍ധിക്കുന്നതോടൊപ്പം പ്രവാസികളുടെ ആശങ്കയും പതിന്മടങ്ങായി പെരുകുകയാണ്. ഓരോ ദിവസവും മരിക്കുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ എണ്ണവും കുറവല്ല. ദിനംപ്രതി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ രോഗബാധിതരുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.
4,233 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് മലയാളികളുള്ള റിയാദിലാണ് ഞായറാഴ്ചയും ഏറ്റവും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,735 പേര്‍ക്കാണ് റിയാദില്‍ രോഗം കണ്ടെത്തിയത്.
ജിദ്ദ 352, മക്ക 314, ദമ്മാം 161, മദീന 158, ഹുഫൂഫ് 147, ഖത്തീഫ് 144, വാദി അല്‍ ദവാസി ര്‍ 137 എന്നിങ്ങനെയാണ് നൂറിനു മുകളില്‍ രോഗം ബാധിച്ച നഗരങ്ങളുടെയും പ്രവിശ്യകളുടെയും പട്ടിക. സഊദിയില്‍ ഇതുവരെ 127,541 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 84,720 പേര്‍ രോഗമുക്തി നേടിയെങ്കിലും മരണ സംഖ്യ ഉയരുന്നതാണ് പ്രവാസികളുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നത്.
ആയിരക്കണക്കിന് പേരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ എംബസിയില്‍ പേര് നല്‍കി ആഴ്ചകളായി കാത്തിരിക്കുന്നത്. എന്നു പോകാനാവുമെന്നറിയാത്തത് മൂലം ദൈനംദിന ജീവിതം പോലും താറുമാറായ മട്ടാണ്.