അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസിനെ(40) പൊലീസ് പിടികൂടി. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും, നിരാശയാലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാാണ് സംഭവം. ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍ നിന്നും പിടിച്ചു വാങ്ങിയ ശേഷം ഒരു കൈകൊണ്ട് ശക്തിയായി കുട്ടിയുടെ തലക്കടിച്ചു. എന്നിട്ടും അരിശം തീരാഞ്ഞിട്ട് സമീപത്തെ കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഭാര്യ വിലക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. വീഴ്ചയിലും അടിയിലും കുഞ്ഞിന്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുഞ്ഞ് സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആലുവ ഡി.വൈ.എസ്.പി. ജി.വേണുവിനാണ് അന്വേഷണ ചുമതല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.