91 പേര്‍ക്ക് കൂടി കോവിഡ്

8

ചികിത്സയില്‍ 1231 പേര്‍, 34 പേര്‍ രോഗമുക്തി നേടി,
നിരീക്ഷണത്തിലുള്ളവര്‍ രണ്ട് ലക്ഷം കടന്നു, 10 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഏഴ് പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ആറ് പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാന്‍- നാല്, നൈജീരിയ-നാല്, റഷ്യ-മൂന്ന്, സൗദി അറേബ്യ-രണ്ട്) 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-അഞ്ച്, ഡല്‍ഹി-അഞ്ച്, കര്‍ണാടക-രണ്ട്, ആന്ധ്രാപ്രദേശ്-ഒന്ന്) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ നാല് പേര്‍ക്കും തൃശൂര്‍ ജില്ലയിലെ മൂന്ന് പേര്‍ക്കും മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം ബാധിച്ചു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, തൃശൂര്‍, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍ രണ്ടു ലക്ഷം(2,04,153) കവിഞ്ഞു. 269 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുതുതായി 10 ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 158 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.