94 പേര്‍ക്ക് കൂടി കോവിഡ്

നേരത്തെ നടന്ന മൂന്ന് മരണങ്ങള്‍ കോവിഡ് ബാധിച്ചെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 94 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിന്റെ കോവിഡ് സ്ഥിരീകരണചരിത്രത്തിലെ റെക്കോര്‍ഡാണിത്. നേരത്തെ നടന്ന മൂന്നു മരണങ്ങള്‍ കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 14 ആയി.
ചെന്നെയില്‍നിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍ (73), അബുദാബിയില്‍നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ് (27), കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യര്‍ (65) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും കോവിഡ് ബാധയുണ്ടായിരുന്നുവെന്ന് പരിശോധനാ ഫലത്തില്‍ ഉറപ്പിച്ചിട്ടുണ്ട്. ഷബ്‌നാസ് രക്താര്‍ബുദ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരണമടഞ്ഞശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുതവണ പരിശോധിച്ച് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 37 പേരാണ്. സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗമുണ്ടായി. മഹാരാഷ്ട്രയില്‍നിന്ന് വന്ന 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്-8, ഡെല്‍ഹി- 3, ഗുജറാത്ത്-2, രാജസ്ഥാന്‍- 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍. 39 പേര്‍ ഇന്നലെ കോവിഡ് മുക്തരായി. പാലക്കാട്-13, മലപ്പുറം- 8, കണ്ണൂര്‍-7, കോഴിക്കോട്-5, തൃശൂര്‍, വയനാട്-2 വീതം, തിരുവനന്തപുരം, പത്തനംതിട്ട ഒന്നുവീതം എന്നിങ്ങനെയാണ് ഇന്നലെ ഫലം നെഗറ്റീവായത്. പത്തനംതിട്ട- 14, കാസര്‍കോട്-12, കൊല്ലം-11, കോഴിക്കോട്-10, ആലപ്പുഴ- 8, മലപ്പുറം- 8, പാലക്കാട്-7, കണ്ണൂര്‍- 6, കോട്ടയം- 5, തിരുവനന്തപുരം- 5, തൃശൂര്‍-4, എറണാകുളം-2, വയനാട്-2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതുവരെ 1588 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 884 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,70,065 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,68,578 പേര്‍ വീടുകളിലും 1487 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ 3787 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 76,383 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 72,139 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ആറ് ഹോട്ട് സ്പോട്ടു കൂടി
തിരുവനന്തപുരം: സംസ്ഥാന ത്ത് ഇന്നലെ പുതുതായി 9 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 124 ആയി. കണ്ണൂര്‍ 4, കൊല്ലം 3, പാലക്കാട് 2 എന്നിങ്ങനെയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ വന്നത്.

രാജ്യത്ത് രോഗവ്യാപന നിരക്ക് വീണ്ടും റെക്കോര്‍ഡില്‍

24 മണിക്കൂറിനിടെ 9300 പേര്‍ക്ക് കോവിഡ് 19, 260 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 9,304 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,16,919ലെത്തി. 24 മണിക്കൂറിനിടെ രാജ്യത്തൊട്ടാകെ 260 മരണം കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണം 6075 ആയും ഉയര്‍ന്നു. ഇതോടൊപ്പം രാജ്യത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയും റോഡ്, റെയില്‍, വ്യോമ യാത്രകള്‍ പുനരാരംഭിക്കുകയും അന്തര്‍ സംസ്ഥാന യാത്രകള്‍ വര്‍ധിക്കുകയും ചെയ്തതിനു പിന്നാലെയാണ് രോഗവ്യാപനത്തിലും വര്‍ധനവുണ്ടായത്. 1,04,106 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവില്‍ 1,06,738 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ഹരിയാനയില്‍ കോവിഡ് 19 നോഡല്‍ ഓഫീസര്‍ക്കും മകള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഗൗതംബുദ്ധ് നഗറില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഒരു പ്രദേശം ഒന്നടങ്കം ആശങ്കയിലായിട്ടുണ്ട്. ഇതിനിടെ കോവിഡ് രോഗികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്ലോറോക്വിന്‍ നല്‍കുന്നത് ഡബ്ല്യു.എച്ച്.ഒ പുനരാരംഭിച്ചു. ഹൈഡ്രോക്ലോറോക്വിന്‍ ഉപയോഗം ഗുണംചെയ്യില്ലെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉപയോഗം ഡബ്ല്യു.എച്ച്.ഒ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.