ഷബീര്‍ കീഴൂര്‍
മരിച്ച കുട്ടിയെയും ഉദരത്തില്‍ പേറി ഇന്ത്യന്‍ എംബസിയുടെ തിണ്ണയില്‍ കനിവിനായി കയറിയിറങ്ങിയ മലയാളി യുവതിയുടെ വെള്ളിയാഴ്ച രാവിലെ മുതല്‍ പല ഗ്രൂപ്പുകളിലും പ്രചരിച്ച ഒരു വോയ്‌സിലെ വാക്കുകളാണ് ചുവടെ: കനിവുണ്ടെങ്കില്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കേള്‍ക്കണം:
”ഞാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു മാസത്തോളം കഴിഞ്ഞു. അധികാരികളുടെ വിളിക്കായി കാത്തിരിക്കുകയായിരുന്നു ഇതു വരെ. അവസാനമായി സ്‌കാന്‍ ചെയ്തപ്പോള്‍ കുഴപ്പമൊന്നും ഇല്ല. നല്ല ആരോഗ്യമുള്ള കുഞ്ഞാണ് എന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. ജനുവരി മുതല്‍ തന്നെ ജോലി ഇല്ലാതെ റൂമില്‍ തന്നെ ഇരിപ്പായി. ഭര്‍ത്താവ് നാട്ടിലാണ്. കൊറോണയുടെ സാഹചര്യം മൂലം നാട്ടില്‍ നിന്നും തിരിച്ചു വരാന്‍ പറ്റാതായി. അതിനിടയില്‍ റൂം വാടകയുടെയും ചെലവിന്റെയും കാര്യത്തില്‍ ബുദ്ധിമുട്ടായി. ഒന്നുകില്‍ വാടക നല്‍കണം. അല്ലെങ്കില്‍ ഇറങ്ങണം എന്ന തരത്തില്‍ കാര്യം ചെന്നെത്തി. സാമ്പത്തിക പരാധീനത മാനസികമായി തളര്‍ത്തി. നാട്ടില്‍ പോയി ചികിത്സിക്കാമെന്ന് കരുതി ഇരുന്നു. പക്ഷേ, ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചപ്പോള്‍ രണ്ടു ദിവസം മുന്‍പ് വീണ്ടും എംബസിയില്‍ പോയി അപേക്ഷ നല്‍കി. ”നിങ്ങള്‍ക്ക് വിളി വരും” എന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ചയച്ചു. ഇന്നലെ മുതല്‍ വീണ്ടും വേദന വന്നു. അങ്ങനെയാണ് രാവിലെ ആശുപത്രിയിലേക്ക് ചെന്നത്. ഹോസ്പിറ്റലില്‍ നിന്നും സ്‌കാന്‍ ചെയ്തപ്പോഴാണ് കുഞ്ഞ് മരിച്ചു വയറില്‍ കിടക്കുകയാണെന്ന് പറഞ്ഞത്. ഇനി കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞു. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി എംബസിയില്‍ കാണിക്കാന്‍ പറഞ്ഞു. മരിച്ച കുട്ടിയെയും ഉദരത്തില്‍ പേറി എംബസിയില്‍ ചെന്നു. ഇനി 15-ാം തീയതി മാത്രമേ വിമാന സര്‍വീസുള്ളൂവെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ചയച്ചു. അങ്ങനെ വീണ്ടും ഡോക്ടറെ കാണാന്‍ ഹോസ്പിറ്റലില്‍ ചെന്നു. അത്രയും നാള്‍ ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധ്യമല്ല. ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഹോസ്പിറ്റലില്‍ 6,000 മുതല്‍ 7,000 ദിര്‍ഹം വരെ ചെലവാകുമെന്ന് പറഞ്ഞു. കയ്യില്‍ ഒരു പൈസ പോലുമില്ല. ഇതു തന്നെ കടം വാങ്ങി പോയതാണ്. ഇതു വരെ പോകാതിരുന്നത് തന്നെ പണം ഇല്ലാത്തത് കൊണ്ടായിരുന്നു. വീണ്ടും ടെസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായിരുന്നു. അതിന് 400 ദിര്‍ഹമാകുമെന്ന് പറഞ്ഞു. ആ പണം ഇല്ലാത്തതിനാല്‍ ടെസ്റ്റ് ചെയ്യാതെ വീണ്ടും റൂമിലേക്ക് മടങ്ങി. ഇപ്പോള്‍ റൂമില്‍ തന്നെയാണ്. ഹോസ്പിറ്റലില്‍ പോകാന്‍ ഒരു രൂപ പോലുമില്ല. ആരെങ്കിലും ഒന്നു സഹായിക്കണം. നാട്ടില്‍ പോകാന്‍ വിമാനമില്ല. എന്തു ചെയ്യണം എന്നറിയത്തില്ല” -അവര്‍ കണ്ണീരോടെ പറഞ്ഞു.
മനുഷ്യ ക്രൂരത മൂലം ചരിഞ്ഞ ആനയുടെയും കുട്ടിയുടെയും കഥയും വിവാദങ്ങളും ചാനലില്‍ കത്തി നില്‍ക്കുന്ന സമയത്ത് നാട്ടില്‍ ചികിത്സിക്കാമെന്ന ആഗ്രഹത്തില്‍ എംബസികള്‍ കയറിയിറങ്ങി നാടണയാന്‍ വഴിമുട്ടിയ, മതിയായ ചികിത്സക്കാവശ്യമായ പണമില്ലാതെ ഇങ്ങിവിടെ പ്രവാസ ലോകത്ത് മലയാളിയായ സഹോദരിയുടെ ഉദരത്തില്‍ 7 മാസം പ്രായമുള്ള കുഞ്ഞ് കൂടി മരിച്ചിരിക്കുന്നു.
മനുഷ്യ ക്രൂരതയാല്‍ ചരിഞ്ഞ അമ്മആനയുടെയും കുട്ടിയുടെയും കഥയും പറഞ്ഞ് കണ്ണീരൊഴുക്കിയ ഒരുപാട് മഹാന്മാരുടെ ഫേസ്ബുക് പോസ്റ്റുകള്‍, ട്വീറ്റുകള്‍, ലൈവ് വീഡിയോകള്‍, ചാനല്‍ ചര്‍ച്ചകള്‍… അങ്ങനെ പലതും കണ്ട് നെടുവീര്‍പ്പിട്ടിരിക്കുന്ന പ്രവാസികള്‍ക്കിടയില്‍ പ്രചരിച്ച ഒരു വോയ്‌സാണിത്.
പ്രവാസിയായ മനുഷ്യന്റെ ജീവന്റെ വിലയെ വിലയിരുത്തട്ടെ. അഞ്ചു മണി വാര്‍ത്തയില്‍ ആനക്കാര്യം പറയാന്‍ സമയം നീക്കി വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലും നാടെന്ന സ്വപ്നം ബാക്കി വെച്ച് മരിച്ചു വീഴുന്ന പ്രവാസികളെ കുറിച്ച് പറയുന്നില്ല.
രാവിലെ മുതല്‍ പല ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടായിരുന്ന സഹോദരിയുടെ വോയ്‌സ് കേട്ടു കൊണ്ടാണ് ഷാര്‍ജയിലുള്ള അവരുടെ താമസ സ്ഥലത്തേക്ക് ഞങ്ങള്‍ ഓടിച്ചെന്നത്. കലങ്ങിയ കണ്ണുമായി സഹോദരിയുടെ ജീവന്റെ രക്ഷക്കായി കാത്തിരിക്കുന്ന സഹോദരന്‍. ഞങ്ങളുടെ വണ്ടിയില്‍ സഹോദരിയെ കൈപിടിച്ചു കയറ്റുമ്പോള്‍ ഒരുപാട് ആഗ്രഹിച്ച് ലഭിച്ച കുഞ്ഞ് നഷ്ടപ്പെട്ട വേദനയില്‍ അവര്‍ വിതുമ്പുന്നുണ്ടായിരുന്നു. കൊറോണക്ക് മുന്നില്‍ പതറാത്ത ഞങ്ങള്‍ തളര്‍ന്നു പോയ നിമിഷങ്ങളായിരുന്നു അത്…
അവിടെ നിന്നും യുഎഇ കെഎംസിസി കേന്ദ്ര ജന.സെക്രട്ടറി നിസാര്‍ തളങ്കരയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹി ഷിബു ജോണിന്റെയും ഫേസ്ബുക് സുഹൃത്തുക്കളുടെയും സഹായത്താല്‍ ഷാര്‍ജ അല്‍ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ഹോസ്പിറ്റെലിലെ നഴ്‌സിംഗ് സ്റ്റാഫ് റേച്ചലി(അഞ്ജു)ന്റെ നേതൃത്വത്തില്‍ കാര്യ ഗൗരവത്തോടു കൂടി തന്നെ അടിയന്തിര ചികിത്സക്കായി എമര്‍ജന്‍സി വിഭാഗത്തിലേക്ക് മാറ്റി. ആ അമ്മയുടെ ആരോഗ്യത്തോടെയുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്, ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ.
ഇത്തരം എത്രയോ സഹോദരികളാണ് വേദന പേറി ഇവിടെ കഴിയുന്നത്. ദിനംപ്രതി ഞങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ഞങ്ങളെ തളര്‍ത്തുന്നു. പരിമിതിയുണ്ട്, ഞങ്ങള്‍ക്കും സംഘടനകള്‍ക്കും. ഇനി ചെയ്യാനുള്ളതും ചെയ്യേണ്ടതും സര്‍ക്കാറുകളാണ്. #ബേഠി #ബചാവോ എന്ന മുദ്രാവാക്യവും, #കരുളുറപ്പോടെ #കൂടണയാന്‍ #കരുതലോടെ #കേരളം എന്ന മുദ്രാവാക്യവും നീതി പുലര്‍ത്തട്ടെ.