ദുബൈ: മൈക്കല്‍ ജാക്സന്റെ പ്രസിദ്ധമായ ‘എര്ത്’ എന്ന ഗാനം പിറവി കൊണ്ടിട്ട് കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് സേവ് എര്ത് ( ഭൗമ സംരക്ഷണം) പ്രമേയമാക്കി പ്രമുഖ സംഗീത സംവിധായകന് ശരത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു സംഗീത സമര്‍പ്പണം നടത്തി. ഏഷ്യാവിഷന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗായിക ദീപാ ഗണേഷ് ഏകോപനം നിര്‍വഹിച്ച ‘പൃഥ്വി’ എന്ന ഗാനം വിവിധ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് ശരത് ആണ്. ശരത്തിനൊപ്പം കെ.എസ് ചിത്ര, ബോംബെ ജയശ്രീ, അഭയ് ജോധ്പുര്‍കര്‍, സുനിതാ സാരഥി, ദീപാ ഗണേഷ് തുടങ്ങിയവര്‍ ആലപിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശ വാഹകരായി ഇവര്‍ തന്നെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.
പ്രമുഖ റേഡിയോ ചാനല്‍ ഹിറ്റ് എഫ്എം പ്രോഗ്രാം ഡയറക്ടര്‍ മിഥുന് രമേഷ്, നടനും എംപിയുമായ സുരേഷ് ഗോപിയുടെയും ശരത്തിന്റെയും കെ.എസ് ചിത്രയുടെയും സാന്നിധ്യത്തില്‍ സൂം സാങ്കേതിക വിദ്യ വഴി ‘ദുബൈ വാര്‍ത്ത’യുടെ യൂട്യൂബ് പേജില്‍ റിമോട്ട് സെന്‍സിംഗിലൂടെ ജൂണ്‍ 4ന് വ്യാഴം വൈകുന്നേരം ഈ ഗാനം ലോകത്തിന് സമര്‍പ്പിച്ചു. ഏഷ്യാ വിഷന്‍ വിഷ്വല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന് ആണ് ഗാന ചിത്രീകരണത്തിന്റെ സംവിധാനം. ആശയം മുന്നോട്ടു വച്ചത് ദുബൈയില്‍ എഞ്ചിനീയറായ ജിതിന് ഫ്രാന്‍സിയാണ്. അപൂര്‍വ സംഗീത ഉപകരണമായ ചിത്ര വീണ ഈ ഗാനത്തില്‍ അതി മനോഹരവും വ്യത്യസ്തവുമായി സന്നിവേശിപ്പിച്ചിരിക്കുന്നത് രവി കിരണ്‍ ആണ്. മനുഷ്യന്റെ ആര്‍ത്തിയോടെയുള്ള ദുരുപയോഗം ഭൂമീ മാതാവിന് ഏല്‍പ്പിക്കുന്ന പോറലുകളും അശാസ്ത്രീയമായി ഭൂമിയെ ചൂഷണം ചെയ്ത് നാള്‍ക്കുനാള്‍ മലീമസമാക്കുന്നതും അനതി വിദൂര ഭാവിയില്‍ മനുഷ്യരാശിയെയും മറ്റ് സസ്യ ജീവ ജാലങ്ങളെയും തന്നെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് ‘പൃഥ്വി’ നല്‍കുന്നത്. നിയന്ത്രിക്കാന്‍ കഴിയാത്ത കാട്ടു തീയും കാലം തെറ്റി പെയ്യുന്ന മഴയും പരിധി വിടുന്ന വെള്ളപ്പൊക്ക ദുരന്തങ്ങളും കടല്‍ കര കയറുന്നതും ഭൂമി വിണ്ടു കീറുന്നതും ജലം മലിനമാകുന്നതും കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുന്നതും ഭൂകമ്പങ്ങള്‍ ജീവിതം താറുമാറാക്കുന്നതും അസമയത്തെ വേനലും വരള്‍ച്ചയും അസാധാരണമായി കുടിവെള്ള ലഭ്യത കുറയുന്നതും ജീവികള്‍ക്ക് വംശ നാശം സംഭവിക്കുന്നതുമെല്ലാം ഭൂമിക്കു മേല്‍ മനുഷ്യര്‍ നടത്തുന്ന ദുരുപയോഗത്തിന്റെ അനന്തര ഫലങ്ങളാണെന്ന് ഗാനം അതിലെ ചിത്രീകരണത്തിലൂടെ സമര്‍ത്ഥിക്കുന്നു.
പ്രകൃതിയുടെ ശുദ്ധിയെ തലമുറകള്‍ കൈമാറി മുന്നോട്ടു കൊണ്ടു പോകണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ‘പൃഥ്വി’യിലെ പ്രശസ്ത ഗായകര്‍ തന്നെ ഈ ഗാന ചിത്രീകരണത്തില്‍ ഒരു ചെറു സസ്യത്തെ പവിത്രമായി പരസ്പരം കൈമാറുന്നതിലൂടെ, നമ്മള് ഭൗമ സ്നേഹം കാത്തു സൂക്ഷിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. പരിസ്ഥിതി ദിനത്തില്‍ മനുഷ്യ സമൂഹത്തിന് നല്കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സമര്‍പ്പണം. കനേഡിയന്‍ യൂണിവേഴ്സിറ്റി ദുബൈയിലെ വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികളും ഫാകല്റ്റിയുമാണ് ആണ് ഇതിന്റെ ആശയ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തില്‍ മൂല ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ‘പൃഥ്വി ദി ലെയര്‍ വി ലൂസ്സ്’ എന്നതാണ് ഗാനത്തിന്റെ സ്ളോഗന്‍.