
മണ്ണാര്‍ക്കാട്: കവറേജിന് പുറത്തായിരുന്ന ആദിവാസി കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കി അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയതിനെ തുടര്‍ന്ന് ടെലിവിഷനോ നെറ്റ്വര്‍ക്ക് സംവിധാനങ്ങളോ ഇല്ലാതെ ആദിവാസി കോളനികളടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. ഈസാഹചര്യത്തിലാണ് കാടിന്റെ മക്കള്‍ക്ക് ആശ്വാസമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ടെലിവിഷനും അനുബന്ധസൗകര്യങ്ങളും ഒരുക്കിനല്‍കിയത്. ഇതോടെ പിന്നാക്കവിദ്യാര്ത്ഥികള്ക്കും പഠനസൗകര്യത്തില്‍ ഒട്ടും കുറവില്ലാതെ തന്നെ മറ്റുള്ളവരൊപ്പം മുന്നിലെത്താന്‍ സാധിക്കും. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ മൂന്ന് ആദിവാസി കോളനികളിനികളിലാണ് ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ടെലിവിഷനുകള്‍ സ്ഥാപിച്ചത്. സെറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അംഗം ടി.കെ ഫൈസലാണ് നേതൃത്വം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ തെങ്കരപഞ്ചായത്തിലെ കരിമ്പംകുന്ന്, ആനമൂളി, പാലവളവ് എന്നീ ആദിവാസി കോളനികളിലെ അംഗനവാടികളിലാണ് ടെലിവിഷന്‍ സ്ഥാപിച്ചത്. കരിമ്പംകുന്ന് കോളനിയില്‍ അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍. എ സ്വിച്ച്ഓണ്‍ കര്‍മ്മം ചെയ്തതോടെ പ്രതിസന്ധികള്‍ മറികടന്ന സന്തോഷത്തിലായി കോളനിവാസിക്കാര്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൗക്കത്തലി, വാര്ഡ്മെമ്പര് ടി.കെ ഫൈസല്‍, ഗിരിജ, സൈനുദ്ദീന്‍ കൈതച്ചിറ, അംഗന്‍വാടി, എസ്.ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.