വേങ്ങര: സാമൂഹിക-ക്ഷേമ-ആതുര-സേവന പ്രസ്ഥാനമായ അലിവ് ചാരിറ്റി സെല്ലിന് ഷാര്‍ജ-വേങ്ങര മണ്ഡലം കെഎംസിസിയുടെ സഹായ ഹസ്തം. നേരത്തെ അലിവ് മെഡിക്കല്‍ കെയര്‍ വഴി നിര്‍ധന നിത്യ രോഗികള്‍ക്ക് മണ്ഡലം കെഎംസിസി മരുന്ന് വിതരണം നടത്തിയിരുന്നു. കൊറോണ മഹാമാരി മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഷാര്‍ജയില്‍ നടന്നു വരുന്ന സഹായ വിതരണത്തിലും മണ്ഡലം കെഎംസിസി പങ്ക് വഹിച്ചു വരുന്നു. അഗതി മന്ദിരമായ വലിയോറ റോസ് മനാറിലെ അന്തേവാസികളെ വേങ്ങരയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കൊണ്ടുവന്ന് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി നല്കി മണ്ഡലം കെഎംസിസി നാടിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അലിവ് ചാരിറ്റി സെല്ലിന് ഷാര്‍ജയില്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാണക്കാട്ട് നടന്ന ലളിത ചടങ്ങില്‍ ഷാര്‍ജ-വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് അഷ്റഫ്.സി.മറ്റത്തൂര്‍, വൈസ് പ്രസിഡണ്ട് മുജീബ് റഹ്മാന് ഇ.കെ കോട്ടപ്പറമ്പ് എന്നിവരില്‍ നിന്ന് അലിവ് ചാരിറ്റി സെല്‍ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുക ഏറ്റുവാങ്ങി. അലിവ് ഭാരവാഹികളായ ശരീഫ് കുറ്റൂര്‍, ടി അബ്ദുല്‍ ഹഖ്, പൂക്കുത്ത് മുജീബ്, അരീക്കന്‍ ലത്തീഫ്, കെഎംസിസി ഭാരവാഹികളായ അഹമ്മദ് ഫൈസി വെങ്കുളം, യു.വി ഷംസു കിളിനക്കോട്, കുഞ്ഞറമു ഹാജി കോട്ടപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.