നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവരോട് എയര്‍ ഇന്ത്യക്ക് അറിയിക്കാനുള്ളത്

ദുബൈ: വന്ദേ ഭാരത് മിഷന്‍ ദൗത്യത്തിന്റെ 3, 4 ഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ട് വരരുതെന്നും ഓരോരുത്തരുടെയും നാട്ടിലേക്കുള്ള പോക്കിന്റെ കണ്‍ഫര്‍മേഷന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ നിര്‍ദേശാനുസരണമാണ് അറിയിക്കുകയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച് എംബസി, കോണ്‍സുലേറ്റ് അധികൃതരാണ് ആദ്യം വിവരമറിയിക്കുക. എംബസി, കോണ്‍സുലേറ്റില്‍ നിന്നും നല്‍കുന്ന പട്ടികയനുസരിച്ചാണ് എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് വിഷയത്തില്‍ ഓരോരുത്തരെയും വിവരം അറിയിച്ചു കൊണ്ടിരിക്കുന്നത്. ഒരിക്കല്‍ വിളിച്ച് ഫോണ്‍ എടുത്തില്ലെങ്കിലോ, അല്ലെങ്കില്‍ ലൈന്‍ ബിസി ആണെങ്കിലോ അതേ നമ്പറില്‍ വീണ്ടും വിളിക്കുന്നതാണ്.
എയര്‍ ഇന്ത്യയുടെ ജിഎസ്എ ആയ അറേബ്യന്‍ ട്രാവല്‍ ഏജന്‍സി (എടിഎ) ആണ് ടിക്കറ്റ് ഇഷ്യു ചെയ്യുന്നത്. ടിക്കറ്റ് മൂന്നു രീതിയില്‍ എടുക്കാം. ഒന്നാമത്തേത് ഓണ്‍ലൈന്‍ പേയ്‌മെന്റ്. രണ്ട്, എടിഎ അക്കൗണ്ടില്‍ നിക്ഷേപിക്കല്‍. മൂന്ന്, നേരിട്ട് പണമടക്കല്‍. കോവിഡ് 19 പശ്ചാത്തലത്തില്‍ ആദ്യ രണ്ടു രീതികളാണ് കുടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ഒരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ നേരിട്ട് ഓഫീസിലെത്തി പണമടക്കുന്ന രീതി അവലംബിക്കാവൂ. അതും, ഗര്‍ഭിണികളും പ്രായമായവരും കുട്ടികളുമാണെങ്കില്‍, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ചുമതലപ്പെടുത്താവുന്നതാണ്. അവര്‍ നേരിട്ട് ടിക്കറ്റ് എടുക്കാന്‍ എത്തേണ്ടതില്ല. ഗര്‍ഭിണികള്‍ ഡോക്ടറില്‍ നിന്നുള്ള ‘ഫിറ്റ് റ്റു ട്രാവല്‍’ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
ടിക്കറ്റ് എടുത്തവര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് മാസ്‌കും ഗ്‌ളൗസും ധരിച്ചെത്തണം. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ നിന്നാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സര്‍വീസ് നടത്തുന്നത്. എക്‌സ്പ്രസ്സില്‍ 25 കിലോ ബാഗേജും 7 കിലോ ഫ്രീ ഹാന്റ് ബാഗേജും അനുവദിക്കും. എയര്‍ ഇന്ത്യയില്‍ 30 കിലോ ബാഗേജും 7 കിലോ ഫ്രീ ഹാന്റ് ബാഗേജുമാണ് അനുവദിക്കുന്നത്.

Vande Bharat Phase 3 Schedule 09jun – 23 jun’20
ജൂണ്‍ ഒമ്പത് മുതല്‍ 23 വരെയുള്ള വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഷെഡ്യൂള്‍