എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 കണ്ണൂരിലിറങ്ങി

97
ഇന്നലെ വൈകീട്ട് കണ്ണൂരില്‍ ഇറങ്ങിയ ബോയിംഗ് 777

മട്ടന്നൂര്‍: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 56 പ്രവാസികളുമായി കുവൈറ്റ് എയര്‍വെയ്‌സ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ 332 യാത്രികരുമായി കൂറ്റന്‍ ബോയിംഗ് 777 വിമാനവും കണ്ണൂരിലിറങ്ങി.
ബുധനാഴ്ച വൈകുന്നേരം 6.12ന് 12 കുട്ടികളുള്‍പ്പെടെ 332 യാത്രികരുമായാണ് എയര്‍ ഇന്ത്യയുടെ വൈഡ്‌ബോഡി ബോയിംഗ് 777 വിമാനം കണ്ണൂരിലിറങ്ങിയത്. ചൊവ്വാഴ്ച രാത്രി 7.09ന് ഹൈദരാബാദ് വഴിയെത്തിയ ആദ്യ വിദേശ ചാര്‍ട്ടേഡ് വിമാനം കുവൈറ്റ് എയര്‍വെയ്‌സ് കണ്ണൂരിലിറങ്ങിയിരുന്നു. കെയു 1635 വൈഡ്‌ബോഡി വിമാനത്തില്‍ 230 യാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കിലും 56 യാത്രികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
സമീപ ഗ്രാമങ്ങളിലും ടെര്‍മിനലിനുമുകളിലും രണ്ടുതവണ വട്ടമിട്ടു പറന്നശേഷമായിരുന്നു ഈ വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. ഇതാദ്യമായാണ് വിദേശ കമ്പനിയുടെ വിമാനം കണ്ണൂരിലിറങ്ങുന്നത്. ബുധനാഴ്ച കണ്ണൂരില്‍ ഇറങ്ങിയ എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനം ദമാമില്‍ നിന്നാണ് എത്തിയത്. വ്യാഴാഴ്ച റിയാദില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വൈഡ്‌ബോഡി വിമാനമെത്തും. വന്ദേഭാരത് മൂന്നാംഘട്ടത്തില്‍ ദുബായ്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങള്‍ കണ്ണൂരിലെത്തുന്നുണ്ട്.