
അല്‍ ഐന്‍: ലോക്ക്ഡൗണ്‍ കാലം മത-വിദ്യാഭ്യാസത്തിന് തടസ്സമാവില്ലെന്ന് തെളിയിച്ച് അല്‍ ഐന്‍ ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വാദി റഹ്മ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഒരു പതിറ്റാണ്ടായി അല്‍ ഐനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂളിലെ വാദി റഹ്മ മദ്രസയുടെ 2020-’21 അധ്യയന വര്‍ഷത്തിന്റെ ഓണ്‍ലൈന്‍ ക്‌ളാസ് പഠനാരംഭം ഗംഭീരമായി. അല്‍ ഐനിലെ രാഷ്ട്രീയ-മത-സാംസ്‌കാരിക മേഖലകളില്‍ ധൈഷണിക നേതൃത്വം വഹിച്ച മര്‍ഹൂം അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മദ്രസ അല്‍ ഐനിലെ മത-വിദ്യാഭ്യാസ രംഗത്തെ വേറിട്ട പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണ്. അധ്യയന വര്‍ഷാരംഭം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖ്യ കാര്യദര്‍ശിയും ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. നൂതന വിദ്യകളുടെ സാധ്യതകള്‍ പഠന രംഗത്തെ കൂടുതല്‍ ക്രിയാത്മകമാക്കട്ടെയെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. അറിവിന്റെ പ്രായോഗിക പരിശീലനമാണ് മദ്രസകളില്‍ നിന്നും തുടങ്ങുന്നതെന്നും അറിവ് സമ്പാദനത്തിന് പ്രായം തടസ്സമാവരുതെന്നും സമസ്ത മുശാവറ മെംബര്‍ കൂടിയായ ബഹാഉദ്ദീന്‍ നദ്‌വി വിദ്യാര്‍ത്ഥികളോടുള്ള ആശയ സംവേദന സെഷനില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വാദി റഹ്മ മദ്രസ ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി അധ്യക്ഷത വഹിച്ചു. മദ്രസ മാനേജിംഗ് ഡയറക്ടര്‍ ഇ.കെ മൊയ്തീന്‍ ഹാജി, ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇബ്രാഹിം, മദ്രസ പ്രധാനാധ്യാപകന്‍ ബഷീര്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. പഠനാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത കലാ പ്രകടനങ്ങള്‍ അരങ്ങേറി.