273 ബസുകള്‍ക്ക് സൗകര്യം. 368 ഡ്രൈവര്‍മാര്‍ക്ക് അക്കോമഡേഷന്‍
ദുബൈ: അല്‍ഖൂസിലെ ബസ് ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായതായി ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മത്താര്‍ അല്‍തായര്‍ അറിയിച്ചു. ദുബൈയില്‍ 24 റൂട്ടുകളിലായി സര്‍വീസ് നടത്തുന്ന ജബല്‍ അലി, അല്‍ഖവാനീജ്, അല്റുവയ്യ, അല്‍അവീര്‍, ഖിസൈസ് എന്നീ ബസ് ഡിപ്പോകള്‍ക്ക് പരിപൂരകമായി വര്‍ത്തിക്കുന്നതാണ് അല്‍ഖൂസ് ഡിപ്പോ.
അല്‍ഖൂസ് ബസ് ഡിപ്പോയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാന്‍ അല്‍തായര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജീവനക്കാരും എഞ്ചിനീയര്‍മാരും ഡ്രൈവര്‍മാരും സന്നിഹിതരായിരുന്നു.
368 ഡ്രൈവര്‍മാര്‍ക്ക് താമസിക്കാനാകുന്ന 102 മുറികള്‍, 120 പേര്‍ക്ക് പ്രയോജനപ്പെടുന്ന ഫുഡ് കോര്‍ട്ട്, ക്ളിനിക്, വിശ്രമ ഇടം, പ്ളാസ, ജിം തുടങ്ങി സ്റ്റേഷനിലെ സൗകര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ അല്തായറിന് വിശദീകരിച്ചു കൊടുത്തു. ഇലക്ട്രോ മെക്കാനിക്കല്‍ മെയിന്റനന്‍സ്, എസി, ഓയില്‍-ടയേഴ്സ് എന്നിവക്കായി 18 ബേ വര്ക്ഷോപ്പുകള് ഡിപ്പോയിലുണ്ട്. രണ്ട് ഹൈഡ്രോളിക് ക്രെയിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ഇവിടെ ബസുകളുടെ ബ്രേക്ക് പരിശോധിക്കാനും പെയിന്റടിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. പൊടിയും വെള്ളവും അകത്തേക്ക് കടക്കാത്ത തരത്തില്‍ ഓട്ടോമാറ്റിക് വാതിലുകളുമുണ്ട്. ഓട്ടോമാറ്റിക്-മാന്വല്‍ വാഷുമായി ബന്ധപ്പെടുത്തിയ ഏരിയയെ ബസ് കഴുകുന്ന വെള്ളം ഫില്‍റ്റര്‍ ചെയ്യാനും റീസൈക്ളിംഗിനുമായുള്ള സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
273 ബസുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ജീവനക്കാര്‍ക്കും ടെക്നിക്കല്‍ സ്റ്റാഫിനിമുള്ള ഓഫീസുകളുമുണ്ട്. ദുബൈയിലെ പൊതുഗതാഗത സംവിധാനത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പൊതുഗതാഗത ഉപാധികള്‍ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിച്ചു കൊണ്ടുള്ള ആര്‍ടിഎയുടെ പ്രയത്നങ്ങളുടെ ഭാഗമായാണ് ഈ ഡിപ്പോ നിര്‍മിച്ചതെന്ന് അല്‍തായര്‍ പറഞ്ഞു. ബഹുസൗകര്യ ഗതാഗത ഉപാധികളെ സംയോജിപ്പിക്കാനും ഇത് ഉപകരിക്കുന്നു. ബസുകളുടെ പ്രവര്‍ത്തന ചെലവ് കുറക്കാനും സന്ദര്‍ശകരുടെയും സംഘാടകരുടെയും യാത്രകളെ സുഗമമാക്കുന്ന വിധത്തില്‍ എക്സ്പോ 2020ന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും ഇത് സഹായകമാകും. ഏറ്റവും നൂതനവും മികച്ചതുമായ സംവിധാനങ്ങളാണ് ഈ ഡിപ്പോയിലുള്ളതെന്ന് അല്‍തായര്‍ പറഞ്ഞു. ഉന്നത രാജ്യാന്തര നിലവാരത്തിലാണ് ഓരോ ഡിപ്പോകളും നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ചു വരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.