ആമര്‍ കോള്‍ സെന്റര്‍ സ്വീകരിച്ചത് 11,33,000 അന്വേഷണ വിളികള്‍

  ആമര്‍ കോള്‍ സെന്ററിലെ വിവരങ്ങളടങ്ങിയ ബ്രോഷര്‍

  ദുബൈ: ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) ആമര്‍ ഹാപിനസ് കോള്‍ സെന്റര്‍ സ്വീകരിച്ചത് 11,33,000ത്തിലധികം താമസ-കുടിയേറ്റ അന്വേഷണങ്ങള്‍. രാജ്യത്തിനകത്തും പുറത്തും നിന്ന് ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവിലാണ് ഇത്രയധികം ആളുകള്‍ വിവരങ്ങള്‍ക്കായി സെന്ററിനെ സമീപിച്ചത്. ടെലിഫോണ്‍ മുഖനെയും ഇമെയില്‍ വഴിയുമാണ് ദുബൈ വിസാ നടപടികള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉപയോക്താക്കള്‍ ബന്ധപ്പെട്ടതെന്ന് ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. 800 5111 എന്നതാണ് ദുബൈയിലെ വിസാ അന്വേഷണങ്ങള്‍ക്കുള്ള ടോള്‍ ഫ്രീ നമ്പര്‍. കോവിഡ് 19 നിയന്ത്രങ്ങളില്‍പ്പെട്ട് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 200,000ത്തിലധികം വരുന്ന യുഎഇ താമസ വിസക്കാരുടെ തിരിച്ചുവരവിനനുസൃതമായി വിവരങ്ങള്‍ അറിയാന്‍ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതായി അല്‍ മര്‍റി വെളിപ്പെടുത്തി.

  മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

   

  വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാനുള്ള അനുമതി നേടാനുള്ള നടപടിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഏഴു ഭാഷകള്‍ സംസാരിക്കുന്ന 100ലധികം ജീവനക്കാര്‍ സേവന സന്നദ്ധരായി ആമര്‍ കോള്‍ സെന്ററിലുണ്ട്. 2020 വര്‍ഷത്തെ കോള്‍ സെന്ററിന്റെ വര്‍ധിച്ച സേവന സൂചകങ്ങള്‍ ഉപയോക്താകള്‍ ആമര്‍ ഹാപിനസ് കോള്‍ സെന്ററിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്നതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
  അസാധാരണമായ ആശയ വിനിമയത്തിന്റെ വര്‍ഷമായിരുന്നു വകുപ്പിനെ സംബന്ധിചചിത്തോളം 2020. കോവിഡ് 19 പശ്ചാത്തലത്തില്‍ യുഎഇയിലുണ്ടായ വിസാ മാറ്റങ്ങളെ കുറിച്ചും മറ്റു സംശയങ്ങളെ കുറിച്ചും ഉപയോക്താവിന് വ്യക്തവും സുതാര്യവും കൃത്യവുമായ മറുപടി നല്‍കാനായി ജീവനക്കാര്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശവും പരിശീലനവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ, ഇവിടെ ജീവനക്കാരുടെ എണ്ണവും ജിഡിആര്‍എഫ്എഡി വര്‍ധിപ്പിക്കുകയും ചെയ്തു. ജീവനക്കാരില്‍ 93 ശതമാനവും അറബി, ഇംഗ്‌ളീഷ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരാണ്. മറ്റു ഉദ്യോഗസ്ഥര്‍ ഹിന്ദി, ഉര്‍ദു, പേര്‍ഷ്യന്‍, ഫിലിപ്പിനോ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ മറുപടി നല്‍കാന്‍ കഴിയുന്നവരുമാണെന്നും ആമര്‍ ഹാപിനസ് കസ്റ്റമര്‍ ഡിപാര്‍ട്‌മെന്റ് മേധാവി മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. അതേസമയം തന്നെ, ടെലിഫോണ്‍, ഇചാറ്റ്, കോള്‍ റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ എന്നിവയിലൂടെ ഉപയോക്തൃ അന്വേഷണങ്ങളോട് പ്രതികരിക്കാനായി (ആവയ) പ്രോഗ്രാമുകളിലൂടെ നിരവധി വിപുലമായ സംവിധാനങ്ങള്‍ കോള്‍ സെന്ററിലുണ്ടെന്ന് മേജര്‍ വ്യക്തമാക്കി.
  മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് സിആര്‍എം പ്രോഗ്രാമിനും പൊതുവായ അന്വേഷണങ്ങളോട് പ്രതികരിക്കാന്‍ തങ്ങള്‍ക്ക് നൂതന ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമുണ്ടെന്ന് മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കേന്ദ്രത്തിന് ഒരു മില്യനിലധികം അന്വേഷണങ്ങള്‍ ലഭിച്ചു. കൂടുതലും താമസ വിസാ അന്വേഷണങ്ങള്‍, പ്രവേശന അനുമതികള്‍, വിസാ തുടര്‍ നടപടികള്‍, ദേശീയത, വിസ നില, സ്മാര്‍ട് സേവനങ്ങള്‍, തവജ്ജുദി സേവനവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കാണ് കേന്ദ്രത്തെ സമീപിച്ചവരിലധികവും. ദുബൈയിലെ വിസാ സംബന്ധമായ വിവരങ്ങള്‍ക്ക് വിളിക്കേണ്ടത് ടോള്‍ ഫ്രീ നമ്പറായ 800 5111ലേക്കാണ്. രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് 00971 4 313 9999 നമ്പറില്‍ ബന്ധപ്പെടാം. 04 5011111 എന്നതാണ് കേന്ദ്രത്തിന്റെ ഫാക്‌സ് നമ്പര്‍. മാലൃ@റിൃറ.മല എന്ന ഇമെയില്‍ ഐഡിയിലൂടെയും ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

  മേജര്‍ സാലിം ബിന്‍ അലി