
അബുദാബി: അനധികൃതമായി യുഎഇയില്‍ തങ്ങിയവര്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ടു പോകാന്‍ യുഎഇ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 1ന് മുന്‍പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്കാണ് പിഴയും മറ്റു ശിക്ഷകളും കൂടാതെ രാജ്യം വിട്ടു പോകാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
ആഗസ്ത് 18 വരെയുള്ള സമയമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വിദേശികള്‍ക്ക് രാജ്യം വിട്ടു പോകാനുള്ള അവസരം വീണ്ടും നല്‍കിയിട്ടുള്ളത്.
അതത് രാജ്യങ്ങളുടെ എംബസിയുമായി ബന്ധപ്പെട്ട് യാത്രാ രേഖകള്‍ ശരിപ്പെടുത്തണമെന്ന് യുഎഇ ഫോറീനേഴ്സ് ആന്റ് പോര്‍ട്ട് അഫയേഴ്സ് അഥോറിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റകന്‍ അല്‍റാഷിദി അറിയിച്ചു.
തുടര്‍ന്ന്, വിമാന ടിക്കറ്റുമായി ആറു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങള്‍ വഴി ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. ദുബൈ വിമാനത്താവളം വഴി പോകുന്നവര്‍ 48 മണിക്കൂറിനുമുന്‍പ് അനുബന്ധ കാര്യങ്ങള്‍ക്കായി ഖിസൈസ് പൊലീസ് സ്റ്റേഷ ന്, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പൊലീസ് സ്റ്റേഷന്, ഡീപോര്ട്ടേഷന് സെന്റര്‍ എന്നിവയില്‍ ഏതെങ്കിലും സ്ഥലത്ത് എത്തേണ്ടതാണ്.
വിസാ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍, സ്പോണ്സര്മാരില് നിന്നും വിട്ടു പോയവര്‍ തുടങ്ങി താമസ-കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയ മുഴുവന്‍ വിദേശികള്‍ക്കും പിഴയും മറ്റു ശിക്ഷകളും കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ 800 453 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.