മലയാളി കോവിഡ് ബാധിച്ച് കുവൈത്തില്‍ നിര്യാതനായി

അഷീര്‍ ഖാന്‍

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി കുവൈത്തില്‍ നിര്യാതനായി. തിരുവനന്തപുരം വര്‍ക്കല എടവ വെട്ടൂര്‍ റാത്തിക്കല്‍ സ്വദേശി അഷീര്‍ ഖാന്‍ താജുദ്ദീന്‍ (45) ആണ് മരിച്ചത്. ഈ മാസം 2ന് വൈകുന്നേരം ഫഹാഹീലിലെ താമസ സ്ഥലത്ത് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അദാന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ അഡ്മിറ്റായതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ റൂമിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് അഡ്മിറ്റ് ചെയ്ത അന്ന് തന്നെ മരിച്ചതായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഉടന്‍ മയ്യിത്ത് കുവൈത്തില്‍ ഖബറടക്കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞത്. മരണ വിവരം ഇന്ത്യന്‍ എംബസിയില്‍ അറിയിച്ച ശേഷമാണ് ഖബറടക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ സുഹൃത്തുക്കളെ അറിയിച്ചത്. നാലു വര്‍ഷം മുന്‍പ് കുവൈത്തില്‍ എത്തിയ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: അലി, ശിഫ.