
കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് പരിചരണം നല്കാന് പുതിയ ഹോസ്പിറ്റലും പ്രവര്‍ത്തനക്ഷമം.
കോവിഡ് 19 സ്ക്രീനിംഗ് സെന്റര്‍ സ്ഥാപിക്കും.
ദുബൈ: കോവിഡ് 19 കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്റര്‍ ചെയര്‍മാനും മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്റ് ഹെല്‍ത് സയന്‍സസ് (എംബിആര്‍യു) വൈസ് ചാന്‍സലറുമായ ഡോ. ആമിര്‍ അഹ്മദ് ശരീഫ്, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ ഡോ. മുനാ തഹ്ലക് എന്നിവര്‍ ചേര്‍ന്ന് ദുബൈ മുഹൈസ്നയിലെ 50 കിടക്കകളുളള ആസ്റ്റര്‍ ക്രിട്ടികല്‍ കെയര്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡയറക്ടറും റീജന്‍സി ഗ്രൂപ് ചെയര്‍മാനുമായ ഷംസുദ്ദീന് എ.പി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യുഎഇ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു എന്നിവരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
യുഎഇയിലെ മറ്റു ആസ്റ്റര്‍, മെഡ്കെയര്‍ ഹോസ്പിറ്റലുകള്‍ക്ക് പുറമെ, പുതിയ ഹോസ്പിറ്റലും കോവിഡ് 19 രോഗികള്‍ക്ക് പരിചരണം നല്‍കും. ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍, അല്‍സഫയിലെ മെഡ്കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവ ദുബൈ ഹെല്‍ത്ത് അഥോറിറ്റി(ഡിഎച്ച്എ)യുമായി സഹകരിച്ചുളള കോവിഡ് 19 ചികിത്സക്കായി പ്രത്യേകം നിയുക്തമാക്കിയിരിക്കുകയാണ്. പുതിയ ഹോസ്പിറ്റലിന്റെ വരവോടെ 4 ആസ്റ്റര്‍ ഹോസ്പിറ്റലുകളും 4 മെഡ്കെയര്‍ ഹോസ്പിറ്റലുകളുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ യുഎഇയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു.
ദുബൈയിലെ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പങ്കാളിത്തം കൊണ്ടാണ് പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ എല്ലാ രോഗികള്‍ക്കും ഏറ്റവും മികച്ച പരിചരണം നല്കി മുഴുവന്‍ സമയവും മികവോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതെന്ന് ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്ഖുതമി പറഞ്ഞു. ”കോവിഡ് പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും മുഹയ്സ്നയിലെ ഗുരുതരമായ കേസുകള്‍ ചികിത്സിക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനും സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ട് ഈ രംഗത്ത് പുലര്‍ത്തുന്ന നിതാന്ത പ്രതിജ്ഞാബദ്ധതക്ക് ഞങ്ങള്‍ ആസ്റ്ററിനോട് നന്ദി പറയുന്നു. ഈ പുതിയ ആശുപത്രി പ്രദേശത്തെ ആളുകള്‍ക്ക് എളുപ്പത്തില്‍ മികച്ച ആരോഗ്യ പരിചരണം നല്കാന് സഹായിക്കും” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്കന്ററി, ടേര്‍ഷ്യറി സൗകര്യങ്ങളോട് കൂടിയ മുഹയ്സ്നയിലെ 50 കിടക്കകളുളള പുതിയ ആശുപത്രിയില്‍ തങ്ങളുടെ പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ മികച്ച സാന്നിധ്യമാണുളളതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് 19 രോഗികള്‍ക്കാവശ്യമായ വെന്റിലേറ്റര്‍ അടക്കമുളള തീവ്ര പരിചരണ സംവിധാനങ്ങളും ലഭ്യമാക്കാന്‍ പ്രാധാന്യം നല്‍കിയായിരിക്കും ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുക. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി മുഹയ്സ്ന നിവാസികള്‍ക്ക് കോവിഡ് സ്ക്രീനിംഗും ടെസ്റ്റും അടക്കമുളള പരിശോധനകള്‍ നടത്താനും ഹോസ്പിറ്റല്‍ സൗകര്യമൊരുക്കും. പുതിയ സ്ഥാപനം ആരംഭിക്കാനുളള നടപടികളില്‍ പിന്തുണ നല്കിയ യുഎഇ ഗവണ്മെന്റ്, ഡിഎച്ച്എ, മറ്റ് ഗവ.അധികൃതര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം, കോവിഡ് 19നെതിരായ യുഎഇയുടെ പോരാട്ടത്തിന് മികച്ച സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും ഡോ. ആസാദ് വ്യക്തമാക്കി.
അധികാരികള്‍ നല്കിയ വലിയ പിന്തുണ കൊണ്ടാണ് നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിപുലമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയെന്ന ആവശ്യം നിറവേറ്റാനായി ആസ്റ്റര്‍ മുഹയ്സ്ന ഹോസ്പിറ്റല്‍ വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിച്ചത്.
ഈ പുതിയ ഹോസ്പിറ്റലും പ്രവര് ത്തനമാരംഭിച്ചതോടെ യുഎഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ഇപ്പോള്‍ നാല് സ്ഥലങ്ങളിലായി 310 കിടക്കകളുടെ പരിചരണ ശേഷി വാഗ്ദാനം ചെയ്യുന്നു.