43 ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
പല ഇന്ത്യന്‍ സൈനീകരെയും കാണാനില്ല
ഒന്നും മിണ്ടാതെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം തുടരുന്ന ലഡാക്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ഇന്ത്യയും ചൈനയും. ചൈനീസ് ആക്രമണത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ രാത്രി വൈകി റിപ്പോര്‍ട്ട് ചെയ്തു. 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. രാത്രിയിലെ ആക്രമണത്തില്‍ പല ഇന്ത്യന്‍ സൈനീകരെയും കാണാതായിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ എത്ര ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ടു എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. മൂന്ന് പേര് മാത്രമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ചൈനീസ് ഭാഗത്തും കാര്യമായ നാശ നഷ്ടമുണ്ടായിട്ടുണ്ട്. 43 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്.ട്ട്.
തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തി സംഘര്‍ഷം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി ദിവസങ്ങള്‍ക്കകമാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ലഡാക്ക് വീണ്ടും സംഘര്‍ഷഭൂമിയാകുമോ എന്ന ആശങ്ക ശക്തമാണ്. വെടിയേറ്റല്ല, സൈനികര്‍ മരിച്ചതെന്നും വടിയും കല്ലും ഉപയോഗിച്ച് നേര്‍ക്കുനേര്‍ കായിക ഏറ്റുമുട്ടലാണ് നടന്നതെന്നും സൈന്യം വ്യക്തമാക്കി. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് പതിനഞ്ചാം നമ്പര്‍ പട്രോളിങ് പോയിന്റിലാണ് ഇരു രാജ്യത്തിന്റേയും സൈന്യങ്ങള്‍ മുഖാമുഖം വന്നത്.
സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇവിടെ സൈന്യം നിയന്ത്രണ രേഖക്കു സമീപം നിലയുറപ്പിച്ചിരുന്നു. ഒത്തുതീര്‍പ്പ് ധാരണയുടെ അടിസ്ഥാനത്തില്‍ പിന്‍വാങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇരു പക്ഷത്തേയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. 45 വര്‍ഷത്തിനിടെ ലഡാക്കില്‍ ഇന്ത്യാചൈനാ സംഘര്ഷത്തിലുണ്ടാകുന്ന ആദ്യ ജീവാപായമാണിത്. സംഘര്‍ഷം ശമിപ്പിക്കാന്‍ ഇരു രാജ്യങ്ങളുടേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതിനിടെ കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, കര, വ്യോമ, നാവിക സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
രാജ്നാഥ്സിങ് പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. അതേസമയം ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന നിലപാടിലാണ് ചൈന. ഇത്തരം നിലപാടില്‍നിന്ന് ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെയ് മൂന്നു മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഒന്നിലധികം തവണ സൈന്യം മുഖാമുഖം വരികയും ചെയ്തിരുന്നു. ചൈനയുടെ പിന്തുണയോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യവും ഇന്ത്യക്കുനേരെ നിരന്തര പ്രകോപന ശ്രമം തുടരുകയാണ്. ഇതിനിടെയാണ് ഗല്‍വാന്‍ താഴ്വരയില് നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുണ്ടായത്.
ആന്ധ്രാപ്രദേശ് സ്വദേശിയാണ് കൊല്ലപ്പെട്ട കേണല്‍ ബി സന്തോഷ് ബാബു. മരിച്ച സൈനികരില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. രാമനാഥപുരം കടുക്കല്ലൂര് സ്വദേശിയായ ഹവില്‍ദാര്‍ പളനി (40) ആണ് വീരമൃത്യു വരിച്ചത്. സൈന്യത്തില്‍ തന്നെയുള്ള ഇയാളുടെ സഹോദരനാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. പിന്നീട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മരണവിവരം സ്ഥിരീകരിച്ചു. 18ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പളനി രണ്ടു പതിറ്റാണ്ടിലധികമായി സൈനിക സേവനം തുടര്‍ന്നു വരികയായിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടിലേക്ക് വിളിച്ചത്. കുറച്ചു ദിവസത്തേക്ക് ബന്ധപ്പെടാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
ഞെട്ടിക്കുന്നത്; പ്രതിരോധ മന്ത്രി
സ്ഥിരീകരിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അതിര്‍ത്തില്‍ മൂന്ന് സൈനികരെ വധിച്ച ചൈനയുടെ നടപടി ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സംഭവത്തില്‍ പ്രതിരോധ മന്ത്രി പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഞെട്ടിക്കുന്നത്. അവിശ്വസനീയം, അംഗീകരിക്കാന്‍ കഴിയാത്തത്. ഇക്കാര്യം പ്രതിരോധ മന്ത്രി സ്ഥിരീകരിക്കുമോ? കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.