പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നിയമ പോരാട്ടത്തിലൂടെയാണ് ദമ്പതികള്‍ ശ്രദ്ധ നേടിയത്
കോഴിക്കോട്: കുഞ്ഞിക്കാലു കാണാന്‍ നിതിന്‍ വരില്ലെന്ന് ആതിര ഇനിയും അറിഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അവളെങ്ങനെ അത് സഹിക്കുമെന്ന് ബന്ധുക്കള്‍ക്കും അറിയില്ല. തന്നെ തനിച്ചാക്കി നിതിന്‍ പോയതറിയാതെയാണ് ആതിര അമ്മയായത്. ഇന്നലെയാണ് പേരാമ്പ്ര കല്പ്പത്തൂര് സ്വദേശിയായ ജി.എസ് ആതിര കോഴിക്കോട് മിംസ് ആസ്പത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാത്തു കാത്തിരുന്ന് ആദ്യകണ്മണി പിറക്കുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു നിതിന്‍ ലോകത്തോട് യാത്ര പറഞ്ഞത്. ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു പേരാമ്പ്ര മുയിപ്പോത്ത് നിതിന്‍ ചന്ദ്രന്റെ മരണം.
ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത, ഒന്‍പതു മാസം ഗര്‍ഭിണിയായ ആതിരയെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ സന്തോഷത്തിനിടയിലും കണ്ണീര് നനവാകുകയാണ് ആതിരയും കുഞ്ഞും.
ലോക്ക്ഡൗണ്‍മൂലം ദുരിതത്തിലായതിനാല്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലെത്താന്‍ അവസരമൊരുക്കണമെന്നഭ്യര്ത്ഥിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയാണ് ഗര്‍ഭിണിയായ ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന് (29) വാര്‍ത്തകളില്‍ ഇടം നേടിയത്. ഭര്‍ത്താവിന്റെ കൂടെ ദുബായിലായിരുന്നു ആതിരയും. സുപ്രീം കോടതിവരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ മാസമാണു ആതിര നാട്ടിലെത്തിയത്. ലോക്ക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തില്‍ തന്നെ ആതിരക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി നിതിന്‍ യാത്ര ഒഴിവാക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ നിതിന്‍ ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിലാണ് ആതിരയെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസിന് അനുമതി നല്കിയപ്പോള് ആതിരക്ക് അവസരം ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന നിധിന് കേരള ബഌഡ് ഡോണേഴ്സ് ഗ്രൂപ് യുഎഇ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ രോഗത്തിന് നിതിന്‍ ചികിത്സിച്ചിരുന്നു. വീണ്ടും അസുഖമുണ്ടായെങ്കിലും ചികില്സിച്ചില്ലെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ വിളിച്ചു നോക്കിയതോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. ദുബൈ റാഷിദ് ആസ്പത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് 19 പരിശോധനാ ഫലം വന്ന ശേഷം നാട്ടിലെത്തിക്കും.