പ്രവര്‍ത്തന വീഥിയില്‍ പൊന്‍തിളക്കം ചാര്‍ത്തി അബുദാബി കെഎംസിസിയുടെ വിമാനങ്ങള്‍

  30
  ഇത്തിഹാദിന്റെ രണ്ട് വിമാനങ്ങളില്‍ പോകുന്നവരെ യാത്രയാക്കിയ ശേഷം അബുദാബി കെഎംസിസി ഭാരവാഹികളും പ്രവര്‍ത്തകരും

  അബുദാബി: അബുദാബി കെഎംസിസിയുടെ പ്രവര്‍ത്തന വീഥിയില്‍ പൊന്‍തിളക്കം ചാര്‍ത്തി പറന്നുയര്‍ന്ന ഇത്തിഹാദ് വിമാനങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ ആശ്വാസ തീരത്തെത്തിയ ആഹ്‌ളാദത്തിലാണ് യാത്രക്കാരെല്ലാം.
  ഓരോ വിമാനത്തിലും 178 വീതം ആളുകളാണ് യാത്രയായത്. അടിയന്തിര ചികിത്സ ആവശ്യമുള്ള 88 രോഗികള്‍, 28 ഗര്‍ഭിണികള്‍, കാന്‍സര്‍-വൃക്ക രോഗികള്‍, പ്രായം ചെന്നവര്‍, മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞവര്‍ക്കൊക്കെയാണ് ഇന്നലത്തെ വിമാനത്തിലും ഇടം ലഭിച്ചത്. അടിയന്തിരമായി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളാണ് നാട്ടിലെത്താന്‍ പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കുന്നത്.
  ലോകത്തെ മികച്ച യാത്രാ സൗകര്യമൊരുക്കുന്ന അബുദാബിയുടെ സ്വന്തം ഇത്തിഹാദ് വിമാനം ആദ്യമായാണ് ഒരു സന്നദ്ധ സംഘടനക്ക് വേണ്ടി കേരളത്തിലേക്ക് പറന്നുയര്‍ന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കൂറിനിടെ പറന്ന രണ്ട് വിമാനങ്ങളും വൈകിട്ടോടെയാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സുഖമായി ലാന്റ് ചെയ്തത്.
  കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് തുണയാവേണ്ട ഭരണകൂടങ്ങള്‍ നോക്കി നിന്ന് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും നാടണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയായി മാറുകയാണ് ഗള്‍ഫ് മേഖലയില്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങള്‍. ആയിരങ്ങളാണ് അടിയന്തിരമായി നാട്ടിലെത്താനായി പ്രതീക്ഷയോടെ ഇനിയും കഴിയുന്നത്.

  -റാഷിദ് എടത്തോട്