ബാങ്കിലെ ഗ്ലാസ് ഡോറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

തകര്‍ന്നുവീണ ഗ്ലാസ് ഡോറിന്റെ ഭാഗങ്ങളും രക്തം പുരണ്ട നിലയില്‍ ബീനയുടെ ശരീരത്തില്‍ തുളച്ചുകയറിയ ചില്ലുകഷണവും
ബീന നോബി

മരിച്ചത് ചില്ലു കഷണം വയറ്റില്‍ കുത്തിക്കയറി

പെരുമ്പാവൂര്‍: ബാങ്കിലെ ഗ്ലാസ് ഡോറില്‍ ഇടിച്ച യുവതിക്ക് ഗ്ലാസ് തകര്‍ന്ന് ദേഹത്ത് കയറി ദാരുണാന്ത്യം. കൂവപ്പടി ചേരാനല്ലൂര്‍ മങ്കുഴി തേലക്കാട്ട് വീട്ടില്‍ നോബിയുടെ ഭാര്യ ബീന നോബി (43) ആണ് മരിച്ചത്. പെരുമ്പാവൂരിലെ എ.എം റോഡിലെ ബാങ്ക് ഓഫ് ബറോഡ (വിജയ ബാങ്ക്) ബ്രാഞ്ചില്‍ ഇന്നലെ ഉച്ചക്ക് ആണ് സംഭവം.
ബാങ്കില്‍ പണമിടപാടിന് എത്തിയ ബീന സ്‌കൂട്ടറില്‍ താക്കോല്‍ മറന്നു വെച്ചത് ബാങ്കിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് അറിഞ്ഞത്. സ്‌കൂട്ടറിന്റെ താക്കോല്‍ എടുക്കുന്നതിനായി തിടുക്കത്തില്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഗ്ലാസ് ഡോറില്‍ ഇടിക്കുകയായിരുന്നു. തിടുക്കത്തില്‍ പുറത്തേക്കിറങ്ങുന്നതിനിടെ ഗ്ലാസ് ഡോര്‍ ശ്രദ്ധയില്‍ പെട്ടില്ല.
ഡോറില്‍ ഇടിച്ചയുടനെ ഗ്ലാസ് തകര്‍ന്ന് ബീന നിലത്തു വീണു. സ്വയം എഴുന്നേറ്റു നിന്ന ബീനയുടെ ദേഹത്തു നിന്നും രക്തം വാര്‍ന്നൊഴുകി.
ഈ സമയം ബാങ്ക് ജീവനക്കാരും ഇടപാടുകാരും ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു പോയി. മരണത്തിന് കാരണമായ തരത്തില്‍ മുറിവ് സംഭവിച്ചുവെന്ന് ആര്‍ക്കും തന്നെ മനസിലായില്ല. ബാങ്ക് ജീവനക്കാരും ഇടപാടുകാരും ചേര്‍ന്ന് സമീപത്തെ കസേരയില്‍ ബീനയെ ഇരുത്തി വെള്ളവും മറ്റും നല്‍കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പുറത്ത് പൊലീസ് വാഹനം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. ഉടനെ പോലീസ് വാഹനത്തില്‍ 100 മീറ്റര്‍ മാത്രം അകലെയുള്ള പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ബീനയെ രക്ഷിക്കാനായില്ല. ഇത്തരത്തിലുള്ള ഒരു സംഭവം ആദ്യമായതിനാല്‍ കണ്ടു നിന്നവരും ബാങ്ക് ജീവനക്കാരും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. ഗ്ലാസ് ഡോറിന് കേടുപാടുകളോ പൊട്ടലോ ഉണ്ടായിരുന്നില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബീന തിരക്കിട്ടു ഓടി ഗ്ലാസ് ഡോറില്‍ ശക്തമായി ഇടിച്ചതാകാം ഗ്ലാസ് തകരാന്‍ കാരണം. വയറില്‍ ആഴത്തില്‍ മുറിവ് പറ്റിയിരുന്നു ബീനക്ക്. അപകടം സംഭവിച്ചു നിമിഷങ്ങള്‍ക്കകം നടന്നെത്താവുന്ന ദൂരത്തുള്ള ബാങ്കിന്റെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മക്കള്‍: അഖില, ജിസ് മോന്‍, ജെയ്‌മോന്‍. കൂവപ്പടിയില്‍ അഖില്‍ ഇലട്രിക്കല്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാസ്പത്രി മോര്‍ച്ചറിയില്‍.