വീട്ടില്‍ കയറിയ പുള്ളിമാനെ രക്ഷപ്പെടുത്തി

പട്ടി തുരത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ ഓടികയറിയ മാന്‍

കൊല്ലങ്കോട്: പട്ടി തുരത്തിയതിനെ തുടര്‍ന്ന് വീടിനകത്ത് ഓടിക്കയറിയ പുള്ളിമാനിനെ സമീപവാസികള്‍ രക്ഷപ്പെടുത്തി വനപാലകര്‍ക്ക് കൈമാറി. വടവന്നൂര്‍ കൂത്തമ്പാക്കം കാശുവിന്റെ ഭാര്യ ശാന്തിയുടെ വീട്ടിലാണ് പുള്ളിമാന്‍ ഓടിക്കയറിയത്. ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം. മാനിനൊപ്പം വീട്ടില്‍ കയറാന്‍ശ്രമിച്ച തെരുവുനായകളെ കല്ലെറിഞ്ഞു ഓടിക്കുകയായിരുന്നു. പുള്ളിമാനിന് ഒന്നര വയസ്സ് പ്രായമുണ്ട്.എവിടെ നിന്നാണ് മാന്‍ കൂത്തമ്പാക്കിലെത്തിയതെന്ന് അറിവായിട്ടില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോട് റെയ്ഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സുരേഷ് ,കെ.മനോജ്, വാച്ചര്‍മാരായ ദേവദാസ്,കുമാരന്‍,സുനില്‍കുമാര്‍ എന്നിവര്‍ മാനിനെ ഏറ്റുവാങ്ങി കള്ളിയ ബാറ വനമേഖലയില്‍ വിട്ടു.