കനത്ത സുരക്ഷയില്‍ ബി എഡ് പരീക്ഷ പൂര്‍ത്തിയായി

കണ്ണൂര്‍ സര്‍വകലാശാല ബിഎഡ് പരീക്ഷാ കേന്ദ്രമായ തളിപ്പറമ്പ് കേയീ സാഹിബ് ട്രെയിനിംഗ് കോളജിന് മുമ്പില്‍ വിദ്യാര്‍ത്ഥികളുടെ ശരീര താപനില പരിശോധിക്കുന്ന അധികൃതര്‍

തളിപ്പറമ്പ്: കണ്ണൂര്‍ സര്‍വകലാശാല ബിഎഡ് പരീക്ഷ പൂര്‍ത്തിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ കനത്ത പരിശോധനകളും സുരക്ഷാ സംവിധാനവുമാണ് ഏര്‍പ്പെടുത്തിയത്. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികളെ ബിഎഡ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്.
ഒരു ക്ലാസില്‍ 20 പേരെ മാത്രമാണ് ഇരുത്തിയത്. പരീക്ഷ കേന്ദ്രത്തിന് മുന്നില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കൈ കഴുകാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ഇവരെ ഹാളിലേക്ക് കടത്തിവിട്ടത്.
ജില്ലയിലെ തന്നെ പ്രധാന പരീക്ഷാ കേന്ദ്രമായ തളിപ്പറമ്പ് കേയീസാഹിബ് ട്രെയിനിംഗ് കോളജില്‍ കനത്ത പരിശോധനാ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇവിടെ 55 കുട്ടികളാണ് പരീക്ഷയെഴുതിയത്. മൂന്ന് ക്ലാസ് മുറികളിലായാണ് ഇവര്‍ പരീക്ഷയെഴുതിയത്. ഇന്‍വിജിലേറ്റര്‍മാര്‍ക്കും ഡ്യൂട്ടിയിലുള്ള മറ്റ് ജീവനക്കാര്‍ക്കും മാസ്‌ക്കും കയ്യുറകളും നിര്‍ബന്ധമാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ സന്നാഹങ്ങളാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന ബിഎഡ് നാലാം സെമസ്റ്റര്‍ പരീക്ഷക്ക് ഒരുക്കിയത്. പുതിയ സാഹചര്യത്തില്‍ മറ്റ് ജില്ലകളിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ വീടിനടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അവസരം ഒരുക്കിയിരുന്നു.