ദുബൈ: നാട്ടിലേക്ക് തിരിച്ചു പോകാനാവാതെ ആധിയും വ്യാധിയുമായി തപിക്കുന്ന പ്രവാസി മനസ്സുകള്‍ക്ക് കുളിരു പകര്‍ന്നു കൊണ്ട് കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ പറന്നുയരുമ്പോള്‍ ഓരോ പ്രവാസിയുടെയും ഹൃദയാന്തരങ്ങളിലൂടെ കെഎംസിസി എന്ന പ്രസ്ഥാനവും പറന്നുയരുകയാണെന്ന് കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും വെല്‍ഫിറ്റ് ഗ്രൂപ് എംഡിയുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ‘കൂടണയാന്‍ കൈ പിടിച്ച് കെഎംസിസി’ എന്ന ശീര്‍ഷകത്തില്‍ ചാര്‍ട്ടര്‍ ചെയ്ത രണ്ടാമത്തെ വിമാനം ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരണ്ടുണങ്ങിയ മരുഭൂമിയില്‍ മഴയെ കാത്തിരിക്കുന്ന വേഴാമ്പലുകളെ പോലെ നാടണയാനുള്ള വലിയ സ്വപ്നങ്ങളുമായി കയറാവുന്ന വാതിലുകളിലൊക്കെയും കയറിയിറങ്ങുകയാണ് പ്രവാസികളായ മലയാളികള്‍. ഒട്ടനവധി ലിങ്കുകളില്‍ രജിസ്റ്റര്‍ ചെയ്തും അപേക്ഷ നല്‍കിയും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമായി മാറുകയാണ് കെഎംസിസിയുടെ ഇത്തരം ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍. അത്യാവശ്യ യാത്രികര്‍ക്ക് പോലും യാത്രാ സൗകര്യം ഒരുക്കി നല്കാന് കഴിയാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന ഫ്ളൈറ്റുകളെ നോക്കി അസൂയപ്പെടുകയാണ്. അടിക്കടിയുള്ള ഉത്തരവുകളിറക്കി കഷ്ടപ്പെടുന്ന പ്രവാസികളുടെ വരവിനെ തടയാനുള്ള കുത്സിത പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് സജീവമായി നടത്തുകയും തരം കിട്ടുമ്പോഴൊക്കെ പ്രവാസികളെ പുകഴ്ത്തി പാടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പ്രവാസികള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഹീന പ്രവര്‍ത്തനങ്ങളെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഫ്ളൈ വിത് കെഎംസിസി’ എന്ന ടൈറ്റിലില്‍ 5 വിമാനങ്ങളാണ് കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളിലൂടെ ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയുടെ ചാര്‍ട്ടര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ നിന്ന് കോഴക്കോട് എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നപ്പോള്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഒരു സ്വപ്ന പദ്ധതി പൂവണയുകയായിരുന്നു. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നായിരുന്നു കണ്ണൂരിലേക്ക് രണ്ടാമത്തെ ഫ്ളൈറ്റ് പറന്നത്. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ ദുബൈ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി ഇബ്രാഹിം ഖലീല്‍, പ്രമുഖ പണ്ഡിതന് ഖലീല്‍ ഹുദവി, ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്, ജില്ലാ ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, സി.എച്ച് നുറുദ്ദീന്, സലീം ചേരങ്കൈ, അബ്ദു റഹിമാന്‍ ബീച്ചാരിക്കടവ്, യൂസുഫ് മുക്കൂട്, സലാം തട്ടാന്‍ഞ്ചേരി, മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ ഉദുമ, ഹനീഫ ബാവ, പി.ഡി നൂറുദ്ദീന്‍, ഷബീര്‍ കൈതക്കാട്, ഷരീഫ് ചന്തേര, ഷാജഹാന്, റഷീദ് ആവിയില്‍, ഇബ്രാഹിം ബേരിക്ക, മന്‍സൂര്‍ മര്‍ത്യ, യൂസുഫ് ഷേണി, മുനീര്‍ ബേരിക്ക, സിദ്ദീഖ് ചൗക്കി, നജീബ് പീടികയില്‍, പി.എം മുഹമ്മദ് കുഞ്ഞി, റസാഖ് ബദിയടുക്ക, മുഹ്സിന്, അഷ്റഫ് ബച്ചന്, പി.കെ.സി അനീസ്, ഹനീഫ കുംബഡാജ, അസ്ലം പാക്യാര, സൈഫുദ്ദീന് മൊഗ്രാല്‍, ഷംസുദീന്‍ പുഞ്ചാവി, സുഹൈല്‍ കോപ്പ, സഫ്വാന് അണങ്കൂര്‍, സര്‍ഫറാസ്, ആരിഫ് കൊത്തിക്കാല്‍, ഇല്യാസ് ബല്ല തുടങ്ങിയവര്‍ സന്നിതരായിരുന്നു.