
ദുബൈ: രക്തം ലഭിക്കാത്തതിന്റെ പേരില്‍ ലോകത്ത് മരണ നിരക്ക് കൂടി വരികയാണെന്നും രക്തം ദാനം ചെയ്തും അത് പ്രോത്സാഹിപ്പിച്ചും പിടയുന്ന മനുഷ്യരെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദുബൈ ചാപ്റ്റര്‍ മുന്‍ ചെയര്‍മാനും എംഎംടി ഗ്രൂപ് ചെയര്‍മാനുമായ മഹ്മൂദ് ബങ്കര പറഞ്ഞു. ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ബ്ളഡ് കൈന്ഡ്നസ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബൈ ഹെല്‍ത് അഥോറിറ്റിയിലെ ബ്ളഡ് ബാങ്കിലേക്ക് 1,000 യൂണിറ്റ് രക്തം സംഭരിച്ച് നല്‍കാനായി ‘രക്തം നല്‍കൂ, ജീവന് രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച രക്തദാന കാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തദാന കാമ്പയിന് ഒരുക്കുന്നതിലും രക്തദാനത്തിന്റ അനിവാര്യത പ്രചരിപ്പിക്കുന്നതിലും കാസര്‍കോട് ജില്ലാ കെഎംസിസി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഈ കാമ്പയിന് തന്നെ രണ്ടാഴ്ചാഴ്ചക്കിടക്കുള്ള മൂന്നാമത്തേതായിരുന്നു.
ദുബൈ ഹെല്‍ത്ത് അഥോറിറ്റിയിലേക്ക് 1,000 യൂണിറ്റ് രക്തം സംഭരിച്ചു നല്‍കുകയെന്ന വലിയ ദൗത്യമാണ് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേര്‍തിരിച്ചു നാലു പേരുടെ വരെ ജീവന് രക്ഷിക്കാന്‍ സാധിക്കും. ഈ കണക്കനുസരിച്ച് ആയിരം യൂണിറ്റ് രക്തം നാലായിരം പേര്‍ക്ക് ജീവന് നല്കാന് സഹായിക്കും. നാലായിരം പേര് എന്നത് അതിന്റെ എത്രയോ മടങ്ങ് കുടുംബങ്ങള്‍ ആയിരിക്കും. ഈ കണക്കുകള്‍ തന്നെ വലിയ അത്ഭുതങ്ങളാണ്. ആശ്രയം സ്വീകരിച്ചവരുടെയും കുടുംബങ്ങളുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയവര്‍ക്കും രക്തം നല്കിയവര്ക്കുമൊക്കെ ലഭിച്ചുകൊണ്ടേയിരിക്കും.
ഒരാളുടെ ശരീരത്തില്‍ നിന്നും 450 മില്ലി ലിറ്റര്‍ രക്തം മാത്രമാണ് എടുക്കുന്നത്. അതാവട്ടെ 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടും ഉല്പാദിപ്പിക്കുന്നു. അതുകൊണ്ട് തന്നെ, രക്തം ദാനം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും വരുന്നില്ല. മാത്രമല്ല, പുതിയ രക്തം ഉല്പാദിപ്പിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ടാവുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വ്യവസായ പ്രമുഖന് ഹംസ മധൂര്‍, ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്, ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബെരിക, ആരിഫ് ചെരുമ്പ, സുഹൈല്‍ കോപ്പ, ഇല്യാസ് ബല്ല, സുബൈര്‍ അബ്ദുല്ല, ഉപ്പി കല്ലിങ്കയ്, യൂസുഫ് അഹേനി, കൈന്ഡ്നസ് ടീം ഭാരവാഹി സിയാബ് തെരുവത്ത് സംബന്ധിച്ചു. അബ്ദുറഹ്മാന് ബീച്ചാരക്കടവ് നന്ദി പറഞ്ഞു