കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്

12
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം

ഐ.എസ്.എല്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതികള്‍

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടാന്‍ മഞ്ഞപ്പടയും. തുടര്‍ നടപടികള്‍ വേഗത്തിലായാല്‍ അടുത്തസീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ആവേശംതീര്‍ക്കും. ഗ്രൗണ്ടിന്റെ നിലവിലുള്ള സ്ഥിതി വിലയിരുത്താനായി കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ഗ്രൗണ്ടില്‍വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ലിസ്റ്റ് തയാറാക്കി. കേരള ബ്ലാസ്റ്റേഴ്‌സിന് കോര്‍പറേഷന്‍ സ്റ്റേഡിയം അനുവദിക്കുന്നതുസംബന്ധിച്ച് ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഐ.എസ്.എല്‍ നിലവാരത്തിലേക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തെ ഉയര്‍ന്നുതിന്റെ മുന്നോടിയായി വരുന്ന അടിയന്തിര അറ്റകുറ്റപണികളും എസ്റ്റിമേറ്റും തയാറാക്കി അടുത്തയോഗത്തില്‍ അവതരിപ്പിക്കുന്നതിന് ബ്ലാസ്റ്റേഴ്‌സിനെ ചുമതലപ്പെടുത്തി. ഗ്രൗണ്ടില്‍ നിലവിലുള്ള ഫഌഡ്‌ലൈറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വി.ഐ.പി, വി.വി.ഐ.പി പവലിയന്‍ നിലവില്‍ ഒരേപവലിയനിലൂടെയാണ് പ്രവേശിക്കുന്നത്. ഇതിലും മാറ്റംവരുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഗ്രൗണ്ടില്‍മഴവെള്ളം ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ ക്രമീകരണം, ഗ്രൗണ്ടിലും പവലിയനിലും സിസിടിവി, വൈഫൈ സ്ഥാപിക്കല്‍ എന്നീ നിര്‍ദേശങ്ങളും യോഗത്തിലുയര്‍ന്നുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അടുത്തയോഗം ബുധനാഴ്ച മേയറുടെ ചേംബറില്‍ചേരും. യോഗത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളായ മുഹമ്മദ് റഫീഖ്, സിദ്ധാര്‍ത്ഥ് പി ശശി, ജോബി ജോബ് ജോസഫ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുവേണ്ടി പി.ഹരിദാസന്‍, രാജീവ് മേനോന്‍, എം.പി ഹൈദ്രോസ്, സ്റ്റേഡിയം പ്രവൃത്തിയുടെ ആര്‍കിടെക്ട് ആര്‍.കെ രമേഷ്, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.ജി സന്ദീപ് പങ്കെടുത്തു.