കോഴിക്കോട് ജില്ലയില്‍ 2474 പ്രവാസികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച പുതുതായി വന്ന 454 പേര്‍ ഉള്‍പ്പെടെ 7788 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതുവരെ 30816 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 18 പേര്‍ ഉള്‍പ്പെടെ 110 പേരാണ് ആസ്പത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 80 പേര്‍ മെഡിക്കല്‍ കോളജിലും 30 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 22 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്നലെവന്ന 223 പേര്‍ ഉള്‍പ്പെടെ ആകെ 2474 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 597 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1849 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 129 പേര്‍ ഗര്‍ഭിണികളാണ്.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 327 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2444 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7062 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂര്‍ സ്വദേശി ഇന്നലെ രോഗമുക്തി നേടി. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 66 കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 32 പേര്‍ ഇതിനകം രോഗമുക്തരാകുകയും 55 കാരിയായ മാവൂര്‍ സ്വദേശിനി കഴിഞ്ഞദിവസം മരണപ്പെടുകയും ചെയ്തതോടെ 33 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 18 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ (എഫ്.എല്‍.ടി.സി) കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേര്‍ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണുള്ളത്. മെഡിക്കല്‍ കോളേജിലെ നാല് പോസിറ്റീവ് കേസുകള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതിനാല്‍ ഇപ്പോള്‍ ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് എഫ്.എല്‍.ടി.സിയിലാണ്.
ഇതു കൂടാതെ മൂന്ന് കാസര്‍ഗോഡ് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന ആറു പേരെ ചികിത്സയ്ക്കായി ഇന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 65 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5058 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4915 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4827 എണ്ണം നെഗറ്റീവ് ആണ്. 143 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.