അരയിടത്ത്പാലം അഴുക്കുചാല്‍ പദ്ധതി മുടന്തുന്നു

അരയിടത്ത്പാലം ജംഗ്ഷനിലെ അഴുക്കുചാല്‍ നിര്‍മാണം

കോഴിക്കോട്: മഴക്കാലം തുടങ്ങിയിട്ടും അരയിടത്ത്പാലത്തെ അഴുക്കുചാല്‍ പദ്ധതി നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. ആര്‍.പി മാളിനു സമീപം മുതല്‍ അരയിടത്തുപാലം ജംഗ്ഷന്‍ വരെ 310 മീറ്റര്‍ നീളത്തിലാണ് അമൃത് പദ്ധതിയില്‍ അഴുക്കുചാല്‍ നവീകരണം. കുടിവെള്ള പൈപ്പ് ഉള്‍പ്പെടെയുള്ളവ മാറ്റേണ്ടതുണ്ട്. ഇതിന്റെ ജോലിയാണ് ഇഴഞ്ഞുനീങ്ങുന്നത്. അരയിടത്തുപാലത്തിന് താഴെയുള്ള റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായി. ഇവിടെയുള്ള കടകളിലേക്ക് കടന്നുപോകാന്‍ പ്രയാസം നേരിടുകയാണ്. താല്‍ക്കാലികമായി ഉണ്ടാക്കിയ പാലത്തിലൂടെയാണ് യാത്ര. മഴ ശക്തമായാല്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. ഇതിന് പുറമെ ഗതാഗത കുരുക്കും രൂക്ഷമാണ്. ഇതിലൂടെയുള്ള കാല്‍ നടയാത്രയും സാധ്യമല്ല. പണി മുടന്തി നീങ്ങുന്നത് വ്യാപാരികളെയാണ് ഏറെ കഷ്ടത്തിലാക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ടിനുള്ള ശാശ്വത പരിഹാരമായാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴുക്കുചാല്‍ നിര്‍മിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന അഴുക്കുചാല്‍ പദ്ധതികള്‍ പലതും പാതിവഴിയിലാണ്. കോടികള്‍ ചിലവിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചെറുമഴയില്‍ പോലും നഗരത്തിലെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മാവൂര്‍ റോഡ്, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, അരയിടത്ത്പാലം ജംഗ്ഷന്‍, എല്‍.ഐ.സി, ശ്രീകണ്‌ഠേശ്വര ക്ഷേത്രം റോഡ്, പാളയം, എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
അഴുക്കുചാലുകള്‍ ടൈല്‍ പാകി നവീകരിച്ചെങ്കിലും ഇവയ്ക്ക് ആവശ്യമായ ആഴമില്ലാത്തതാണ് പ്രശ്‌നം. ഇതുമൂലം മഴപെയ്താല്‍ പെട്ടെന്ന് തന്ന ഓടകള്‍ നിറയുകയും വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതിന് പുറമെ അഴുക്കുചാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതും സ്ഥിതി വഷളാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ വെള്ളക്കെട്ട് വലിയപ്രശ്‌നമാണ്.