കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷന് നിയമനത്തിലെ അട്ടിമറിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ചെയര്‍മാന്റെയും 4 അംഗങ്ങളുടെയും ഒഴിവുകള്‍ ആണ് നിലവില്‍ കമ്മീഷനില്‍ ഉള്ളത്. ചെയര്മാന് തിരഞ്ഞെടുപ്പിനുള്ള ഇന്റര്‍വ്യൂ മെയ് 25, 26 തീയതികളില്‍ നടത്തി. 30 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു ഇന്റര്‍വ്യൂ നടത്തിയത്. ഏറെ അനര്‍ഹരെ ഉള്‍പ്പെടുത്തിയാണ് ഷോര്‍ട്ട്ലിസ്റ്റ് തന്നെ തയ്യാറാക്കിയതെന്ന് വ്യാപകമായ പരാതികള്‍ ആണ് ഉന്നയിക്കപ്പെടുന്നത് എന്നു മാത്രമല്ല ഇന്റര്‍വ്യൂ ചെയ്ത് തയ്യാറാക്കപ്പെട്ട ലിസ്റ്റില്‍ അനര്‍ഹര്‍ക്കാണ് റാങ്ക് നല്‍കിയിരിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചീഫ് സെക്രട്ടറി റാങ്കിലുള്ള തസ്തികയാണ് ബാലാവകാശ കമ്മീഷന് ചെയര്മാന്റേതായിരിക്കെ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ട് ഈ മേഖലയില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ഒരാളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയുന്നു. ജില്ലാ ജഡ്ജിമാര്‍, മേഖലയില്‍ പ്രാവീണ്യവും പ്രഗത്ഭരുമായ ധാരാളം അപേക്ഷകരും ഉണ്ടായിരിക്കേയാണ് സര്‍ക്കാര്‍ വഴിവിട്ട നിയമനം നടത്താന്‍ ശ്രമിക്കുന്നത്. ബാലാവകാശകമ്മീഷന് പൂര്‍ണ്ണമായി രാഷ്ട്രീയവല്ക്കരിക്കപെടുകയാണ്. ഇതുമൂലം അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ശരിയായ രീതിയില്‍ ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുനീര്‍ അഭ്യര്‍ഥിച്ചു.