വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: എം.എസ്.എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന്റെ മനപ്രയാസത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എം എസ് എഫ് കോഴിക്കോട് ഡി ഡി ഇ ഓഫീസ് ഉപരോധിക്കുന്നു

കോഴിക്കോട്: വളാഞ്ചേരി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന്റെ മനപ്രയാസത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് എം എസ് എഫ് കോഴിക്കോട് ഡി ഡി ഇ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എപി അബ്ദുസമദ്, സ്വാഹിബ് മുഹമ്മദ്, ഷാക്കിര്‍ പാറയില്‍, ഷമീര്‍ പാഴൂര്‍, അന്‍സീര്‍ പനോളി,അഫ്‌ലഹ് പട്ടോത്ത്, അല്‍ത്താഫ് വെള്ളയില്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥിനിയുടെ മരണം സര്‍ക്കാര്‍
ഉത്തരവാദി: സി.പി ചെറിയ മുഹമ്മദ്
കോഴിക്കോട്: പാവങ്ങളായ വിദ്യാര്‍ത്ഥികളെ അവഗണിച്ച് ധൃതി പിടിച്ച് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായതെന്നും സര്‍ക്കാറാണിതിനു ഉത്തരവാദിയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്. വീട്ടില്‍ സ്മാര്‍ട്ട് ഫോണോ ടീവികളോ ഇല്ലാത്ത രണ്ടു ലക്ഷത്തിലധികം വീടുകളുണ്ടെന്ന കണക്ക് ആഴ്ചകള്‍ക്ക് മുമ്പ് രേഖാ മൂലം ശേഖരിച്ചിട്ടും സര്‍ക്കാര്‍ ഇത്തരം ഭവനങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമൊരുക്കാതെ ഗുരുതര വീഴ്ച്ചയാണ് വരുത്തിയിട്ടുള്ളതെന്നും ചെറിയ മുഹമ്മദ് പറഞ്ഞു.