പ്രയാസങ്ങള്‍ക്ക് അറുതി; വിമാന ടിക്കറ്റ് ഇനി നേരിട്ട് ബുക് ചെയ്യാം

    അബുദാബി: പ്രവാസികള്‍ മാസങ്ങളോളം അനുഭവിച്ച യാത്രാ ക്‌ളേശത്തിന് അറുതിയാകുന്നു. എംബസിയില്‍ നിന്നുള്ള ഫോണ്‍ കോളുകളുടെ കാത്തിരിപ്പ് കൂടാതെ യാത്ര ചെയ്യാനുള്ള അവസരം സംജാതമായി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി തന്നെയാണ് ഈ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
    ജൂലൈ മൂന്നു മുതലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നേരിട്ട് സീറ്റ് ബുക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വെബ്‌സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
    അബുദാബി, ദുബൈ വിമാനത്താവളങ്ങളില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, അമൃത്‌സര്‍, ലഖ്‌നോ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇതിനകം തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
    ആദ്യ ഘട്ടം എന്ന നിലയില്‍ ജൂലൈ 14 വരെയുള്ള ബുക്കിംഗാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതില്‍ അബുദാബിയില്‍ നിന്ന് 14 വിമാനങ്ങളും ദുബൈയില്‍ നിന്ന് 35 വിമാനങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുടക്കത്തില്‍ 710 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് നിരക്കിലും വര്‍ധന ഉണ്ടാകുമോയെന്ന കാര്യം അറിവായിട്ടില്ല.
    എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുവദിക്കുകയെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതു കൊണ്ടാണ് ഇത്തരത്തില്‍ നേരിട്ട് ബുക് ചെയ്യാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചതെന്നാണ് കരുതുന്നത്.